ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ വിമന്‍സ് ഫോറത്തിന്റെ വാര്‍ഷിക സമ്മേളനം 'ടോട്ട പുല്‍ക്ര' ഡിസംബര്‍ 4 ന് നടക്കും. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ വാര്‍ഷിക സമ്മേളനം വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ ആയിരിക്കും നടക്കുക. ഡിസംബര്‍ 4 ശനിയാഴ്ച വൈകീട്ട് 6 മണിക്കാണ് മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്. രൂപതയുടെ എല്ലാ മിഷനുകളില്‍ നിന്നും ഇടവകകളില്‍ നിന്നുമായി വിമന്‍സ് ഫോറത്തിന്റെ ഭാരവാഹികളും പ്രതിനിധികളും മീറ്റിംഗില്‍ പങ്കെടുക്കും.

വിമന്‍സ് ഫോറം രക്ഷാധികാരിയും രൂപതാധ്യക്ഷനുമായ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന സമ്മേളനത്തില്‍ ബിഷപ്പ് മാര്‍ തോമസ് തറയില്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് വിമന്‍സ് ഫോറം സുവനീര്‍ പ്രകാശനം, വിവിധ യൂണിറ്റുകളുടെ നേതൃത്വത്തില്‍ ക്രമീകരിച്ചിരിക്കുന്ന കലാപരിപാടികള്‍ എന്നിവ അരങ്ങേറും. വിമന്‍സ് ഫോറം സഹരക്ഷാധികാരി വികാരി ജനറാള്‍ ഫാ.ആന്റണി ചുണ്ടെലിക്കാട്ട്, ചെയര്‍മാന്‍ ഫാ.ജോസ് അഞ്ചാനിക്കല്‍, ഡയറക്ടര്‍ സിസ്റ്റര്‍ കുസുമം എസ്.എച്ച്, പ്രസിഡന്റ് ജോളി മാത്യു എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കും.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ സംപ്രേഷണം ചെയ്യുന്നതായിരിക്കും. കൂടാതെ ഏവര്‍ക്കും സൂമില്‍ പങ്കെടുക്കുവാനുള്ള അവസരവും ഒരുക്കിയിട്ടുണ്ടെന്ന് വിമന്‍സ് ഫോറം ഭാരവാഹികള്‍ അറിയിച്ചു.