കൂടുതല്‍ ചിത്രങ്ങള്‍ കാണാം

വിയന്ന: ആഗോള മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ ദ്വിദിന സമ്മേളനം സമാപിച്ചു. ഓസ്ട്രിയയിലെ 50 വര്‍ഷത്തെ മലയാളികുടിയേറ്റ ചരിത്രത്തിലെ ആദ്യ ലോകമഹാസമ്മേളനം കൂടിയായി മാറിയ ഡബ്ല്യു.എം.എഫ് കണ്‍വെന്‍ഷന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന അതിഥികളുടെ അവിസ്മരണീയമായ കൂടിക്കാഴചയ്ക്കും വേദിയായി.

സമാപനദിനത്തോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനം കേരള നിയമസഭയുടെ സമരാധ്യനായ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പദ്മശ്രീ ഭരത് സുരേഷ്‌ഗോപി എം.പി മുഖ്യാതിഥിയായിരുന്ന സമ്മേളനത്തില്‍ വിയന്നയിലെ ഇന്ത്യന്‍ മിഷന്റെ സ്ഥാനപതി രേണുപാല്‍ ആശംസ അറിയിച്ചു. പീറ്റര്‍ ഫ്‌ളോറിയാന്‍ഷുട്സ് (പ്രസിഡന്റ്, വിയന്ന സ്റ്റേറ്റ് കമ്മീഷന്‍ ഫോര്‍ യൂറോപ്യന്‍ ആന്‍ഡ് ഇന്റര്‍നാഷണല്‍ അഫയേഴ്‌സ്), ഡോ. ക്രിസ്റ്റോഫ് മാത്സ്നെറ്റെര്‍ (പ്രസിഡന്റ്, ഓസ്ട്രിയന്‍ ഫെഡറേഷന്‍ ഓഫ് ബിസിനസ്മെന്‍), ഡോ.ഹെറാള്‍ഡ് ട്രോഹ് (എം.പി, ഓസ്ട്രിയ) എന്നിവരും സന്നിഹിതരായിരുന്നു.

ഘോഷയാത്രയായി വേദിയിലെത്തിയ വിശിഷ്ടാതിഥികളെ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍, കണ്‍വീനര്‍ വര്‍ഗീസ് പഞ്ഞിക്കാരന്‍ എന്നിവര്‍ സ്വീകരിച്ചു. മിനി സ്‌ക്രീന്‍ താരം രാജ് കലേഷും ഗ്രെഷ്മ പള്ളിക്കുന്നേലും അവതാരകരായ സമ്മേളനത്തില്‍ സംഘടനയുടെ ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് വിശിഷ്ട അതിഥികള്‍ ആശംസ അറിയിച്ചു സംസാരിച്ചു.

വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ വ്യക്തികളെ ആദരിക്കുന്ന പുരസ്‌കാര ചടങ്ങിനും സമ്മേളനം വേദിയായി. എന്‍.കെ അബ്ദു റഹിമാന്‍, കേരളം (സോഷ്യല്‍ റെസ്പോണ്സിബിലിറ്റി ആന്‍ഡ് കോര്‍പ്പറേറ്റീവ് ബാങ്കിങ്) അഡ്വ. മുസ്തഫ സഫീര്‍, ദുബായ് (ലീഗല്‍ ഇന്നൊവേഷന്‍ എക്സ്പെര്‍ട്ടീസ്), ടി. ഹാരിസ്, ലണ്ടന്‍ (സര്‍വീസ് ഫോര്‍ പ്രവാസി ഇന്ത്യന്‍സ്), ഡോ.അനീസ് അലി, ഖത്തര്‍ (സര്‍വീസ് ഇന്‍ മെഡിസിന്‍), എസ്.ശ്രീകുമാര്‍ (എന്‍.ആര്‍. ഐ. മീഡിയ ഇനിഷ്യറ്റിവ്), ഫാ.സെബാസ്റ്റ്യന്‍ നാഴിയമ്പാറ (റൂറല്‍ ഡിവലപ്മെന്റ്), ആര്‍ട്ടക്ക് ബില്‍ഡേഴ്‌സ് കേരളം, ബ്രിട്ടോ പെരേപ്പാടന്‍, ഡബ്ലിന്‍ (യൂത്ത് ഐക്കണ്‍), ആഷ മാത്യു, ലണ്ടന്‍ (ചാരിറ്റി) എന്നിവരെ പുരസ്‌കാരം നല്‍കി ആദരിച്ചു.

അടുത്ത ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ ഇന്ത്യയിലോ, ദുബായിലോ നടക്കുമെന്നും, സംഘടനയിലെ വനിതകളുടെ നേതൃത്വത്തില്‍ 2018 ഡബ്ല്യു.എം.എഫ് സ്ത്രീശാക്തീകരണ വര്‍ഷമായി കണക്കാക്കി കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും കണ്‍വെന്‍ഷന്‍ കമ്മിറ്റി അറിയിച്ചു. ഗ്ലോബല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ബന്ധപ്പെട്ടു ഇടപെടേണ്ട ചില വിഷയങ്ങളിലും കണ്‍വെന്‍ഷന്‍ വേദിയില്‍ ധാരണയായതായി കമ്മിറ്റി വര്‍ഗീസ് പഞ്ഞിക്കാരന്‍ അറിയിച്ചു.

വിയന്നയില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലേക്കുള്ള കണക്ഷന്‍ ഫ്ളൈറ്റിന്റെ അഭാവത്തെക്കുറിച്ചു രാജ്യസഭാഅംഗം സുരേഷ് ഗോപിയെ സദര്‍ശിച്ച ഡബ്ലിയു.എം.എഫ് ഓസ്ട്രിയ പ്രൊവിന്‍സ് അംഗങ്ങള്‍ ധരിപ്പിച്ചു. ഒരു പകലിന്റെ അധിക സമയം മൂലം എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യുന്ന മലയാളികള്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച സംഘടനാ പ്രതിനിധികളോട് വിഷയത്തില്‍ ഇടപെടുമെന്ന് അദ്ദേഹം സമ്മേളനത്തില്‍ ഉറപ്പു നല്‍കി.

നിറഞ്ഞ സദസില്‍ പ്രേക്ഷകരെ സംഗീതനൃത്തമാടിച്ച തൈക്കുടം ബ്രിഡ്ജിന്റെ ലൈവ് ഷോയോട് കൂടി കണ്‍വെന്‍ഷന് സമാപനമായി. ക്രമീകരണങ്ങള്‍ ഒരുക്കിയ ഓസ്ട്രിയന്‍ പ്രോവിന്‌സിന്റെ പ്രസിഡന്റ് തോമസ് പടിഞ്ഞാറേകാലായില്‍, സെക്രട്ടറി സാബു ചക്കാലയ്ക്കല്‍ മറ്റു വിവിധ കമ്മിറ്റി അംഗങ്ങള്‍, തൈക്കുടം ബ്രിഡ്ജിന്റെ ഷോ കോര്‍ഡിനേറ്ററായ ഘോഷ് അഞ്ചേരില്‍ എന്നിവര്‍ക്ക് ഗ്ലോബല്‍ കോര്‍ കമ്മിറ്റിയംഗം ഡോണി ജോര്‍ജ്ജ് നന്ദി അറിയിച്ചു.

വാര്‍ത്ത അയച്ചത് : ജോബി ആന്റണി