സ്റ്റീവനേജ്: മാര്‍ഷ്യല്‍ ആര്‍ട്‌സിലെ പ്രശസ്തമായ 'ടേയ് ക്വോണ്‍ ടോ' സ്‌പോര്‍ട്‌സ് വിഭാഗത്തില്‍ നടന്ന ഇംഗ്ലീഷ് നാഷണല്‍ കോമ്പിറ്റേഷനില്‍ ജൂനിയര്‍ മിഡില്‍ വെയിറ്റ് വിഭാഗം 'സ്പാറിങ്ങില്‍' മലയാളി ബാലന്‍ വിജയിച്ചു. സ്റ്റീവനേജില്‍ നിന്നുള്ള ബെഞ്ചമിന്‍ ഐസക് ആണ് മലയാളികള്‍ക്ക് അഭിമാനമായി വൂസ്റ്ററില്‍ വെച്ച് നടത്തപ്പെട്ട നാഷണല്‍ മത്സരത്തില്‍ കിരീടമണിഞ്ഞത്. ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ബെഞ്ചമിന്‍ സ്റ്റീവനേജിലെ നോബല്‍ സ്‌കൂളിലാണ് പഠിക്കുന്നത്. 

കൊല്ലം ജില്ലയിലെ നല്ലില വാഴപ്പള്ളില്‍ കുടുംബാംഗവും സ്റ്റീവനേജില്‍ താമസിക്കുകയും ചെയ്യുന്ന ഐസക് (റെജി), കണ്ണൂര്‍ തേര്‍മല സ്വദേശിയും സ്റ്റീവനേജ് ലിസ്റ്റര്‍ ഹോസ്പിറ്റലില്‍ നഴ്സുമായ സിബി ഐസക് ദമ്പതികളുടെ രണ്ടു മക്കളില്‍ മൂത്ത മകനാണ്.

ബെഞ്ചമിന്റെ ഉന്നത നേട്ടത്തില്‍ സ്റ്റീവനേജ് മലയാളികളുടെ കൂട്ടായ്മയായ 'സര്‍ഗ്ഗം സ്റ്റീവനേജി'നു വേണ്ടി ഭാരവാഹികളായ അബ്രാഹം കുരുവിള, മനോജ് ജോണ്‍,ഷാജി ഫിലിഫ് എന്നിവര്‍ അനുമോദനവും, ആശംസകളും നേര്‍ന്നു.

വാര്‍ത്ത അയച്ചത് : അപ്പച്ചന്‍ കണ്ണഞ്ചിറ