മലയാള ചലച്ചിത്ര ഗാനരംഗത്ത് മുപ്പത്തിഅഞ്ചു സംവത്സരങ്ങള്‍ തികയ്ക്കുന്ന, മലയാളികള്‍ക്ക് ഒരു പിടി നല്ല ചലച്ചിത്ര ലളിത നാടക  ഭക്തി ഗാനങ്ങള്‍ സമ്മാനിച്ച, മലയാളത്തിന്റെ സ്‌നേഹ ഗായകന്‍ എ.വേണുഗോപാല്‍ നയിക്കുന്ന സംഗീത നൃത്ത ഹാസ്യ മാന്ത്രിക പരിപാടി ' വേണുഗീതം 2018' മെയ് മാസം 25 മുതല്‍ 28 വരെ യുകെയിലുടനീളം നടത്തപ്പെടുന്നു. മെയ് 25 ന് ഗ്ലാസ്‌ഗോ മദര്‍വെല്‍ കണ്‍സേര്‍ട്ട് ഹാളിലും 26 ന് ലെസ്റ്റര്‍ അഥീനയിലും, മെയ് 28 ന് ലണ്ടനിലെ മാനോര്‍ പാര്‍ക്ക് റോയല്‍ റീജന്‍സിയിലുമാണ് പരിപാടി അണിയിച്ചൊരുക്കുന്നത്. ഗായകന്‍  ജി  വേണുഗോപാലിനൊപ്പം മലയാളത്തിലെ ഒരു പിടി പ്രശസ്തരായ കലാകാരന്മാര്‍ കൂടി ഈ മെഗാ ഷോയില്‍ അണിനിരക്കുന്നു.  ചലച്ചിത്ര പിന്നണി ഗായിക മൃദുല വാര്യര്‍, വൈഷ്ണവ് ഗിരീഷ്, ഫാ:വില്‍സണ്‍ മേച്ചേരി, ഡോ:വാണി ജയറാം, രാജമൂര്‍ത്തി (മജീഷ്യന്‍),  സാബു തിരുവല്ല (കൊമേഡിയന്‍) ഒപ്പം യുകെയിലെ അനുഗ്രഹീത ഗായകരും നര്‍ത്തകരും അണിനിരക്കുന്നു. 2018 മെയ് 25 ന്  ഗ്ലാസ്‌ഗോയില്‍ ആരംഭിച്ചു 28 ന് ലണ്ടനില്‍ അവസാനിക്കും.

മെയ് 25 ന് ഗ്ലാസ്‌ഗോ മദര്‍വെല്‍ കണ്‍സേര്‍ട്ട് ഹാളില്‍ 'വേണുഗീതം-2018' ന്  ആതിഥേയത്വം വഹിക്കുന്നത് സ്‌കോട്‌ലന്‍ഡിലെ  യുണൈറ്റഡ് സ്‌കോട്‌ലന്‍ഡ് മലയാളീ അസോസിയേഷനും, 26 ന് ലെസ്റ്റര്‍ അഥീനയില്‍ UUKMA യും,  28 ന് ലണ്ടനിലെ മാനോര്‍ പാര്‍ക്ക് റോയല്‍ റീജന്‍സിയില്‍ ലണ്ടന്‍ മലയാളി കമ്മ്യൂണിറ്റിയും ആതിഥേയത്വമരുളും.

നാദവും നൃത്തവും താളവും ഒന്ന് ചേര്‍ന്ന ഈ  സംഗീത നൃത്ത ഹാസ്യ മാന്ത്രിക മെഗാ ഷോ ' വേണുഗീതം-2018' യുകെയിലെ മലയാളികള്‍ക്ക് ഒരു നവ്യാനുഭവം തന്നെ ആയിരിക്കും. 

ഈ മെഗാഷോയിലേയ്ക്ക് യൂകെയിലെ മലയാളികളായ എല്ലാ കലാ സ്‌നേഹികളെയും സ്വാഗതം ചെയ്യുന്നു.