ബെല്‍ഫാസ്റ്റ്: മലയാളം മിഷന്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ നേതൃത്വത്തില്‍ നടന്ന 'വേനല്‍ക്കളരി' സമാപിച്ചു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ മലയാളം സ്‌കൂളുകള്‍ സംയുക്തമായി നടത്തിയ പ്രവേശനോത്സവത്തോടനുബന്ധിച്ചാണ് ഒരാഴ്ച നീണ്ടു നിന്ന വേനല്‍കളരി എന്ന പേരില്‍ ഓണ്‍ലൈന്‍ വേനലവധി പരിപാടികള്‍ നടന്നത്. സമീപ കാലത്ത് കേരളത്തില്‍ പ്രശസ്തയായ സായി ശ്വേത ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ച പരിപാടിയില്‍ മലയാളം മിഷന്‍ ഡയറക്റ്റര്‍ പ്രൊഫ: സുജാ സൂസന്‍ ജോര്‍ജ്ജ് വിശിഷ്ടാതിഥി ആയിരുന്നു.
മലയാളം മിഷനില്‍ അഫിലിയേറ്റ് ചെയ്ത ഹരിശ്രീ, കര്‍മ്മാ കലാകേന്ദ്രം, ഇമ എന്നീ സ്‌കൂളുകളുടെ സംയുക്ത കമ്മിറ്റിയാണ് വേനല്‍ക്കളരിയ്ക്ക് നേതൃത്വം നല്‍കിയത്.
പാട്ടുകള്‍ ചിത്രരചനകള്‍ തുടങ്ങി നിരവധി വര്‍ണ്ണാഭമായ കലാപരിശീലനങ്ങളുമായി കഴിഞ്ഞ ഒരാഴ്ച നീണ്ടുനിന്ന വേനല്‍ക്കളരിയില്‍ കേരളത്തില്‍ നിന്നടക്കം നിരവധി പ്രഗത്ഭര്‍ പങ്കെടുത്തു. സ്‌കൂള്‍ കോര്‍ഡിനേറ്റേഴ്സ് ആയ ബൈജു നാരായണന്‍, ദീപാ സുലോചന, നെല്‍സണ്‍ പീറ്റര്‍, അനിതാ ബെന്നറ്റ്, ബിജിനി ജെപി, റജീനാ വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വടക്കന്‍ കേരളത്തിലെ പ്രശസ്ത കലാകാരനും അധ്യാപകനും ആയ രാജീവ് പെരിങ്ങോടിന്റെ കുഞ്ഞുമഴ എന്ന മലയാള ഗാനം റിലീസ് ചെയ്തു കൊണ്ടാണ് വേനല്‍ക്കളരിയ്ക്ക് തുടക്കം കുറിച്ചത്. കുഞ്ഞുമഴ എന്ന ഗാനം മലയാളം നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ മലയാളം വിദ്യാര്‍ത്ഥികള്‍ക്ക് മുതല്‍ കൂട്ടാണ് എന്ന് നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് മലയാളം മിഷന്‍ അഭിപ്രായപ്പെട്ടു.
ആറ് ദിവസം നീണ്ട് നിന്ന പരിപാടിയില്‍ രാധാകൃഷ്ണന്‍ അലുവീട്ടിലിന്റെ 'ആമിനകുട്ടിയുടെ ആവലാതികള്‍' എന്ന പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ശില്പശാല നടന്നു.
പ്രശസ്ത സാഹിത്യകാരിയും ബര്‍കിങ്ഹാംഷെയര്‍ കോളേജ് അധ്യാപികയുമായ മീരാ കമല നയിച്ച വേരുകള്‍ എന്ന ഇന്ററാക്ടീവ് സെഷനില്‍ എന്‍.ഐ മലയാളി കുടുംബങ്ങളിലെ കുട്ടികള്‍ തങ്ങളുടെ മാതാപിതാക്കളുടെ ഭാഷ, സംസ്‌കാരം, കലകള്‍ തുടങ്ങിയ കാര്യങ്ങള്‍ പഠിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു.
കൂടാതെ അനിതാ ബെന്നറ്റ് നയിച്ച ഓണ്‍ലൈന്‍ കുക്കറി ക്ലാസ്, റജീന വര്‍ഗ്ഗീസിന്റെ സുസ്ഥിര വികസന ക്യാമ്പയിന്‍, എന്നിവ പ്രാദേശിക പഠനോപാധികള്‍ വികസിപ്പിക്കുന്നതിന്റെ ആദ്യ ഘട്ടമായി വിലയിരുത്തപ്പെട്ടു.
വേനല്‍ക്കളരിയുടെ സമാപനം കുറിച്ചുകൊണ്ട് പ്രശസ്ത ചിത്രകാരന്‍ ഷാന്‍ കൊച്ചി ഓണ്‍ലൈന്‍ ചിത്രരചനാ ശില്പശാല അവതരിപ്പിച്ചു.
പുതിയ കുട്ടികളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ എല്ലാ വാരാന്ത്യവും മലയാളം ക്ലാസ്സുകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ഉണ്ടായിരിക്കും എന്ന് ഹരി ശ്രീ, കര്‍മ്മ, ഇമ എന്നീ സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
കൂടാതെ ചിത്രരചനാ മത്സരങ്ങള്‍, രാജീവ് പെരിങ്ങോടിന്റെ കുഞ്ഞു മഴ എന്ന ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം തുടങ്ങിയ മത്സരങ്ങള്‍ വേനല്‍കളരിയുടെ തുടര്‍ച്ചയായി പ്രഖ്യാപിച്ചിട്ടുണ്ട്.