ദുരിത കാലത്തു കേരളത്തിന് കൈതാങ്ങാകുവാന്‍ ബിരിയാണി മേളകളും ഭക്ഷ്യമേളകളുമായി സമീക്ഷ യുകെയുടെ വിവിധ ബ്രാഞ്ചുകള്‍ മുന്നോട്ടു പോവുകയാണ്. സമീക്ഷ ഡെറി ലണ്ടന്‍ഡെറി ബ്രാഞ്ച് ബിരിയാണിമേള പ്രഖ്യാപിച്ചപ്പോള്‍ ഈ നാട്ടില്‍ ജനിച്ചു വളര്‍ന്ന ബ്രിട്ടീഷ്/ഐറീഷ് വംശജര്‍ പോലും പങ്കാളികളായി. Altnagelvin Area Hospital ല്‍ നിന്നും 300 ഓളം സ്റ്റാഫുകള്‍ ആണ് തങ്ങളുടെ സഹപ്രവര്‍ത്തകരുടെ നാടിനായ് കൈകോര്‍ത്തത്. സമീക്ഷ പ്രവര്‍ത്തകര്‍ ഇവര്‍ക്ക് ഹൃദ്യമായ രുചിയില്‍ ചിക്കന്‍ ടിക്ക മസാലയും, ഫ്രൈഡ് റൈസും ആയി 18 ആം തീയതി Altnagelvin Area hospital സ്റ്റാഫുകള്‍ക്കായി ഭക്ഷ്യമേള സംഘടിപ്പിച്ചു. ഈ ഓര്‍ഡറുകള്‍ എല്ലാം അവര്‍ തന്നെ വിതരണം ചെയ്തു. നല്ലവരായ ഡെറി ലണ്ടന്‍ ഡെറിയിലെ ജനങ്ങളോട് സമീക്ഷ യുകെ ഡെറി ലണ്ടന്‍ ഡെറി ബ്രാഞ്ചിന്റെയും നാഷണല്‍ കമ്മിറ്റി യുടെയും നന്ദി അറിയിച്ചു. മാത്യു തോമസ്, ജോഷി സൈമണ്‍, ജെസ്റ്റിമോള്‍ സൈമണ്‍, രഞ്ജിത്ത് വര്‍ക്കി, ബൈജു നാരായണന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഡെറി ലണ്ടന്‍ഡെറി ബ്രാഞ്ചിന്റെ മലയാളികള്‍ക്കായുള്ള ബിരിയാണിമേള വെള്ളിയാഴ്ച നടക്കും. വളരെ നല്ല രീതിയിലുള്ള പ്രതികരണമാണ് ബിരിയാണി മേളക്ക് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നു സംഘാടകര്‍ അറിയിച്ചു.