ലണ്ടന്‍: കോവിഡ് വാക്സിന് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് വില ഈടാക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കുമെന്ന പ്രഖ്യാപനം മുഖ്യമന്ത്രി ആവര്‍ത്തിച്ചതിന് പിന്നാലെ ഏപ്രില്‍ 22ന് സാമൂഹികമാധ്യമങ്ങള്‍ വാക്സിന്‍ ചാലഞ്ചിന്റെ പ്രചാരണം ആരംഭിച്ചിരുന്നു.

കേരളമൊന്നാകെ ഒരേ മനസ്സോടെ ഏറ്റെടുത്ത വാക്സിന്‍ ചാലഞ്ച് നെഞ്ചിലേറ്റി യുകെയിലെയും അയര്‍ലന്‍ഡിലെയും സിപിഐഎമ്മിന്റെ അന്താരാഷ്ട്ര ഘടകമായ എഐസി ഏപ്രില്‍ 22ന് തന്നെ ബ്രാഞ്ചുകളോടും അംഗങ്ങളോടും അനുഭാവികളോടും വാക്‌സിന്‍ ചാലഞ്ചിന്റെ ഭാഗമായി നേരിട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കാന്‍ ആഹ്വാനം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഒട്ടനവധി പേരാണ് യുകെയില്‍ നിന്നും അയര്‍ലന്‍ഡില്‍ നിന്നും വാക്‌സിന്‍ ചാലഞ്ചിന്റെ ഭാഗമായത്.

യുകെയിലും അയര്‍ലന്‍ഡിലും മുപ്പതോളം ബ്രാഞ്ചുകളുള്ള എഐസി ദേശീയ തലത്തില്‍ ഏറ്റെടുത്ത വാക്‌സിന്‍ ചാലഞ്ച് കൂടുതല്‍ ജനകീയമാക്കുന്നതിനും ജനങ്ങളില്‍ വാക്‌സിന്‍ ചാലഞ്ചിനെക്കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടി എഐസി ഹീത്രോ ബ്രാഞ്ച് കഴിഞ്ഞ ശനിയാഴ്ച കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ ബിരിയാണി മേളയ്ക്ക് വലിയ സ്വീകാര്യത ലണ്ടനിലെ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും ലഭിച്ചു. നാനൂറിലേറെ ബിരിയാണികള്‍ ലണ്ടനിലെ ഹാമര്‍സ്മിത്ത്, ഹീത്രോ, സ്റ്റാന്വേല്‍, ആഷ്ഫോര്‍ഡ്, നോര്‍ത്തോള്‍ട്ട്, ഫെല്‍റ്റ്ഹാം, ഹോന്‍സ്ലോ, ബെഡ്ഫോണ്ട്, ഹേയ്‌സ്, സൗത്താള്‍, ഗ്രീന്‍ഫോര്‍ഡ് തുടങ്ങിയ വെസ്റ്റ് (പശ്ചിമ) ലണ്ടന്റെ ഭാഗങ്ങളില്‍ 18 മുതല്‍ 65 വരെ പ്രായമുള്ള നിരവധി വോളണ്ടിയര്‍മാരെ അണിനിരത്തിയാണ് ബ്രാഞ്ച് സെക്രട്ടറി കൂടിയായ പ്രൊഫഷണല്‍ ഷെഫിന്റെ നേതൃത്വത്തില്‍ എഐസി ഹീത്രോ ബ്രാഞ്ച് ചിട്ടയായ രീതിയില്‍ വിതരണം ചെയ്തത്.

രണ്ടുലക്ഷത്തിലധികം രൂപ ബിരിയാണി മേളയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിക്കാന്‍ സാധിച്ചുവെന്ന് എഐസി ദേശീയ സെക്രട്ടറി സ. ഹര്‍സേവ് ബൈന്‍സ് അഭിപ്രായപ്പെട്ടു.

ഈ ഉദ്യമം കൂടുതല്‍ ബ്രാഞ്ചുകള്‍ ഏറ്റെടുക്കുന്നതിന് വേണ്ടി മറ്റ് ബ്രാഞ്ചുകളെയും സമാനമായി ചിന്തിക്കുന്ന സംഘടനകളെയും ചാലഞ്ച് ചെയ്തിരിക്കുകയാണ് എഐസി ഹീത്രോ ബ്രാഞ്ച്. ബിരിയാണി മേളയില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് കൂടുതല്‍ ബ്രാഞ്ചുകള്‍ സന്നദ്ധരായി മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഹീത്രോ ബ്രാഞ്ച് അംഗങ്ങള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.