കോവിഡ് മഹാമാരി ലോകമൊട്ടാകെ മനുഷ്യജീവന് നാശം വിതറി മുന്നേറുമ്പോള്‍ മുന്നണി പോരാളികളായി സ്വജീവന്‍ പണയം വച്ചു ആതുര ശുശ്രൂഷാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ലോകമെമ്പാടുമുള്ള മാലാഖമാര്‍ക്ക് യുക്മയുടെയും യുക്മ നഴ്‌സസ് ഫോറത്തിന്റെയും പേരില്‍  നഴ്സസ് ദിനത്തിന്റെ ആശംസകള്‍.
 
ആധുനിക നഴ്‌സിംഗിന്റെ സ്ഥാപകയായ ഫ്‌ലോറെന്‍സ്  നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12 ലോകം അന്താരാഷ്ട്ര നഴ്സസ് ദിനമായി ആചരിക്കുന്നു. ആതുരസേവനരംഗത്തെ പകരംവെക്കുവാന്‍ കഴിയാത്ത, ദയയുടെയും സ്‌നേഹവായ്പിന്റെയും പ്രതീകമായ മാലാഖമാരെന്നു ലോകം വിശേഷിപ്പിക്കുന്ന നഴ്‌സിംഗ്  എന്ന ജോലി ചെയ്യുന്നതില്‍ ഓരോ നഴ്‌സുമാര്‍ക്കും  അഭിമാനിക്കാം.

യുക്മ യുകെയിലെ മലയാളി നഴ്സുമാര്‍ക്കു വേണ്ടി സ്ഥാപിച്ചിരിക്കുന്ന സംഘടനയാണ് യുക്മ നഴ്‌സസ് ഫോറം (UNF). കഴിഞ്ഞ കാലങ്ങളില്‍ യുക്മ നഴ്‌സസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ യുകെയിലെ നഴ്‌സുസുമാര്‍ക്കായി നിരവധി പരിപാടികള്‍ യു.എന്‍.എഫ് സംഘടിപ്പിച്ചിട്ടുണ്ട്. നഴ്‌സുമാരുടെ ശമ്പളവര്‍ധന ആവശ്യപ്പെട്ടുകൊണ്ടും, പുതിയതായി യുകെയിലെത്തിച്ചേര്‍ന്നിരിക്കുന്ന നഴ്‌സുമാരുടെ പെര്‍മനന്റ് റസിഡന്‍സ് നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ടു കൊണ്ടും യുകെയിലെ ഭരണ നേതൃത്വത്തിന് പ്രാദേശിക എംപിമാര്‍ മുഖാന്തിരം നിവേദനങ്ങള്‍ നല്കുവാന്‍ ഇക്കാര്യങ്ങളില്‍ അനുകൂലമായ അഭിപ്രായം ഉണ്ടാക്കിയെടുക്കുവാനും യുക്മയ്ക്കും യു.എന്‍ എഫിനും സാധിച്ചിട്ടുണ്ട്. അനുകൂലമായ തീരുമാനം ഉണ്ടാക്കിയെടുക്കുവാനുള്ള പോരാട്ടങ്ങള്‍ തുടരുകയാണ്.

യുക്മ നഴ്‌സസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നഴ്‌സസ് ദിനാഘോഷങ്ങള്‍ മെയ് 23 ഞായറാഴ്ച നടക്കുകയാണ്. വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പരിപാടികളില്‍ രാഷട്രീയ സാമൂഹ്യ രംഗങ്ങളിലേയും നഴ്‌സിംഗ് മേഖലയിലേയും പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും. നഴ്‌സിംഗ് മേഖലയിലെ പ്രമുഖര്‍ നയിക്കുന്ന പ്രസ്തുത പരിപാടി കലാപരിപാടികളും കോര്‍ത്തിണക്കിയാണ് സംഘടിപ്പിച്ചിരിക്കുന്നത്.

മെയ് 23 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് യുക്മയുടെ ഫെയ്‌സ് ബുക്ക് പേജിലൂടെ ലൈവായിട്ടാണ് പരിപാടികള്‍ നടക്കുന്നത്.

യുക്മ നഴ്‌സസ് ഫോറത്തിന്റെ നഴ്‌സസ് ദിനാഘോഷങ്ങളിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി യുക്മ ജോയിന്റ് സെക്രട്ടറിയും യു എന്‍ എഫ് നാഷണല്‍ കോര്‍ഡിനേറ്ററുമായ സാജന്‍ സത്യന്‍, പ്രസിഡന്റ് സിന്ധു ഉണ്ണി, സെക്രട്ടറി ലീനുമോള്‍ ചാക്കോ എന്നിവര്‍ അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : അലക്‌സ് വര്‍ഗീസ്