സ്വപ്നങ്ങള്‍ തകര്‍ത്തെറിഞ്ഞുകൊണ്ട് കോവിഡ് താണ്ഡവമാടുമ്പോള്‍, കേരളത്തെ ചേര്‍ത്തുപിടിക്കാന്‍ യു കെ മലയാളികളുടെ കാരുണ്യത്തിനായുള്ള അഭ്യര്‍ത്ഥനയുമായി യുക്മ മുന്നോട്ടു വരികയാണ്. യു കെ യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യൂണിയന്‍ ഓഫ് യുണൈറ്റഡ് കിംഗ്ഡം മലയാളി അസോസിയേഷന്‍സ് - യുക്മ, പിറന്ന നാടിനോട് കടമ മറക്കാത്തവരാണ് പ്രവാസികള്‍ എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ്.

യുക്മയുടെ ജീവകാരുണ്യ വിഭാഗമായ യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് കേരളത്തിന്റെ കോവിഡ് അതിജീവനത്തിനായുള്ള തുക സമാഹരിക്കുന്നത്. പ്രധാനമായും യു കെ മലയാളികളുടെ കരുതലും ഔദാര്യവുമാണ് യുക്മ ലക്ഷ്യം വക്കുന്നത്. ഇതിലേക്കായി സംഭാവന ചെയ്യപ്പെടുന്ന തുകയുടെ ഇരുപത്തഞ്ച് ശതമാനം 'ഗിഫ്റ്റ് ടാക്‌സ്' ഇനത്തില്‍ സര്‍ക്കാരില്‍നിന്നും അധികമായി ലഭിക്കുവാന്‍ അവസരം ഉള്ളതിനാല്‍ വിര്‍ജിന്‍ മണി 'ജസ്റ്റ് ഗിവിങ്' സംവിധാനത്തിലൂടെയാണ് ധനസമാഹരണം നടത്തുന്നത്.

നാട്ടില്‍ രോഗികളായിരിക്കുന്നവര്‍ക്ക് മരുന്ന്, ഓക്‌സിജന്‍, ആശുപത്രി സൗകര്യങ്ങള്‍, ഭക്ഷണം തുടങ്ങി വിവിധ മേഖലകളില്‍ സര്‍ക്കാരിന് പിന്തുണയേകാന്‍ ജാതി മത രാഷ്ട്രീയ വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസമില്ലാതെ ഒന്നായി പ്രവര്‍ത്തിച്ച് ഈ പ്രതിസന്ധി മറികടക്കുവാന്‍ എല്ലാ യുകെ മലയാളി സുഹൃത്തുക്കളോടും യുക്മ ദേശീയ സമിതിക്കു വേണ്ടി പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, സെക്രട്ടറി അലക്‌സ് വര്‍ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ എന്നിവര്‍ അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

ഷാജി തോമസ് - 07737736549
ടിറ്റോ തോമസ് - 07723956930
വര്‍ഗീസ് ഡാനിയേല്‍ - 07882712049
ബൈജു തോമസ് - 07825642000

വാര്‍ത്തയും ഫോട്ടോയും : അലക്‌സ് വര്‍ഗീസ്