പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയ്ക്ക് നെടുമുടി വേണു നഗറില്‍ ഡിസംബറില്‍  രണഭേരി ഉയരുമ്പോള്‍ കലാമേളയില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ സാവകാശം വേണമെന്ന അംഗ അസോസിയേഷനുകളുടെ അഭ്യര്‍ത്ഥന പ്രകാരം രജിസ്‌ട്രേഷനുള്ള സമയപരിധി നീട്ടുവാന്‍ യുക്മ ദേശീയ സമിതി തീരുമാനിച്ചു. ഇതിന്‍ പ്രകാരം യുക്മ ദേശീയ കലാമേളയില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ നവംബര്‍ 28 ഞായറാഴ്ച രാത്രി 12 മണി വരെ സമയം അനുവദിച്ചു. വീഡിയോ സമര്‍പ്പിക്കുവാനുള്ള അവസാന തീയ്യതി ഡിസംബര്‍ 5 ഞായറാഴ്ചയില്‍ നിന്നും ഡിസംബര്‍ 12 ഞായറാഴ്ച രാത്രി 12 മണി വരെയും നീട്ടിയിട്ടുണ്ട്. 

2021 യുക്മ ദേശീയ കലാമേളയില്‍ പങ്കെടുക്കുവാന്‍ മത്സരാര്‍ത്ഥികളില്‍ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.  ബുദ്ധിമുട്ടുകള്‍ പരമാവധി ഒഴിവാക്കുവാന്‍ ഇത്തവണ മത്സരാര്‍ത്ഥികള്‍ക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്യുവാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.

കോവിഡ് മഹാമാരി പൂര്‍ണമായും വിട്ടൊഴിയാതെയുള്ള പ്രതിസന്ധിയുടെ കാലഘട്ടത്തിലൂടെ കടന്നു പോകുന്ന പശ്ചാത്തലത്തില്‍, സാങ്കേതികവിദ്യകളുടെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള  വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലൂടെയാണ് കഴിഞ്ഞ വര്‍ഷത്തെപ്പോലെ 2021 കലാമേളയും സംഘടിപ്പിച്ചിരിക്കുന്നത്.  

യശഃശരീരനായ മലയാള സിനിമാ നാടകരംഗത്തെ അതുല്ല്യ പ്രതിഭ  നെടുമുടി വേണുവിന് ആദരവ് അര്‍പ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ നാമധേയത്വത്തിലുള്ള നെടുമുടി വേണു നഗറിലാണ് (വെര്‍ച്വല്‍)  പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേള അരങ്ങേറുന്നത്. 

ഈ വര്‍ഷം മത്സരാര്‍ത്ഥികള്‍ക്ക് കലാമേളയില്‍ പങ്കെടുക്കുവാന്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യം  ഒരുക്കിയിരിക്കുനതിനാല്‍, ഏതെങ്കിലും മത്സരാര്‍ത്ഥികള്‍ക്ക് രജിസ്‌ട്രേഷനുമായോ മറ്റ്  എന്തെങ്കിലും തരത്തിലുമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയാണെങ്കില്‍ കലാമേളയുടെ ചുമതലയുള്ള നാഷണല്‍ വൈസ് പ്രസിഡന്റ് ലിറ്റി ജിജോയെ (07828424575), കലാമേളയുടെ രജിസ്‌ട്രേഷന്റെ ചുമതല വഹിക്കുന്ന  ജോയിന്റ് സെക്രട്ടറി സാജന്‍ സത്യന്‍  (07946565837) എന്നിവരെയോ ദേശീയ ഭാരവാഹികളെയോ ബന്ധപ്പെടാവുന്നതാണ്.

വാര്‍ത്തയും ഫോട്ടോയും : അലക്‌സ് വര്‍ഗ്ഗീസ്