പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയ്ക്ക് നെടുമുടി വേണു നഗറില്‍ രണഭേരി ഉയരുമ്പോള്‍, അതിന് മുന്നോടിയായി കലാമേള നിയമാവലി അടങ്ങിയ കലാമേള മാനുവല്‍ പ്രകാശനം ചെയ്തു. കോവിഡ് മഹാമാരി പൂര്‍ണമായും വിട്ടൊഴിയാതെയുള്ള പ്രതിസന്ധിയുടെ കാലഘട്ടത്തിലൂടെ കടന്നു പോകുന്ന പശ്ചാത്തലത്തില്‍, സാങ്കേതികവിദ്യകളുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള  വെര്‍ച്വല്‍ പ്ലാറ്റ്ഫോം വീണ്ടും ഒരുങ്ങുകയാണ്. 

യശഃശരീരനായ മലയാള സിനിമാ നാടകരംഗത്തെ അതുല്ല്യ പ്രതിഭ  നെടുമുടി വേണുവിന് ആദരവ് അര്‍പ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ നാമധേയത്വത്തിലുള്ള നെടുമുടി വേണു നഗറിലാണ് (വെര്‍ച്വല്‍)  പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേള അരങ്ങേറുന്നത്. 

കലാമേളയ്ക്ക് മത്സരാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയ്യതി നവംബര്‍ 21 ഞായറാഴ്ച രാത്രി 12 മണി വരെയായിരിക്കും. മത്സരിക്കുന്ന ഇനങ്ങളുടെ വീഡിയോ ഡിസംബര്‍ 5 ഞായറാഴ്ച രാത്രി 12 മണിക്കുള്ളില്‍ അയച്ചുതരേണ്ടതാണ്.

പുതുക്കിയ വെര്‍ച്വല്‍ കലാമേള മാനുവല്‍ റീജിയണുകള്‍ക്കും അംഗ അസ്സോസിയേഷനുകള്‍ക്കും അയച്ച് കഴിഞ്ഞതായി യുക്മ നാഷണല്‍ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് എന്നിവര്‍ അറിയിച്ചു. കലാമേള സംബന്ധിച്ചുള്ള നിങ്ങളുടെ സംശയങ്ങള്‍ക്ക് കലാമേളയുടെ ചുമതല വഹിക്കുന്ന നാഷണല്‍ വൈസ് പ്രസിഡന്റ് ലിറ്റി ജിജോ(07828424575), രജിസ്‌ട്രേഷന്റെ ചുമതല വഹിക്കുന്ന സാജന്‍ സത്യന്‍(07946565837) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

വാര്‍ത്തയും ഫോട്ടോയും : അലക്‌സ് വര്‍ഗ്ഗീസ്