യുകെയില്‍ നിന്നും ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഇന്ത്യ ഗവണ്‍മെന്റ് പുതുതായി ഏര്‍പ്പെടുത്തിയ ക്വാറന്റീന്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് യുക്മ നേതൃത്വം പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്സ്. ജയശങ്കര്‍, ആരോഗ്യ മന്ത്രി മന്‍സൂഖ് മാന്‍ഡവിയ എന്നിവര്‍ ഉള്‍പ്പടെയുള്ള ഉന്നതാധികാരികള്‍ക്ക് നിവേദനം സമര്‍പ്പിച്ചു. 

2020 മാര്‍ച്ചില്‍ തുടങ്ങിയ ലോക് ഡൗണും യാത്രാ നിയന്ത്രണങ്ങളും കാരണം നാട്ടില്‍ പോകുവാന്‍ കഴിയാതെ പോയ മലയാളികള്‍ ഉള്‍പ്പടെയുള്ള ആയിരക്കണക്കിന് ഇന്ത്യക്കാര്‍ ഒക്ടോബറിലെ സ്‌കൂള്‍  അവധിക്കാലം മുതല്‍ നാട്ടില്‍ പോകുവാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി വരവേയാണ് ഇടിത്തീ പോലെ ഇന്ത്യയുടെ പുതിയ നിയന്ത്രണങ്ങള്‍ വരുന്നത്. ടിക്കറ്റെടുത്തവരില്‍ പലരും നാട്ടില്‍ വരുന്നത് രണ്ടോ മൂന്നോ ആഴ്ചത്തേയ്ക്കാണെന്നും, നിയന്ത്രണങ്ങള്‍ മാറ്റിയില്ലെങ്കില്‍  ഭൂരിഭാഗം ആളുകള്‍ക്കും യാത്ര റദ്ദാക്കേണ്ടി വരുന്ന സാഹചര്യമാണെന്നും യുക്മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് എന്നിവര്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

പുതുതായി കൊണ്ടുവന്ന നിയന്ത്രണങ്ങളില്‍ എത്രയും പെട്ടെന്ന് ഇളവുകള്‍ അനുവദിച്ച് യു കെ യിലുള്ള ഇന്ത്യക്കാരെ യാത്ര ചെയ്യാന്‍ അനുവദിക്കണമെന്ന് യുക്മ നേതൃത്വം നിവേദനത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

പുതുക്കിയ യാത്രാ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തുന്നതിന് ഇപ്പോള്‍ നാട്ടിലുള്ള യുക്മ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യനെ യുക്മ ദേശീയ നേതൃത്വം ചുമതലപ്പെടുത്തി.

യുകെയില്‍ ജോലിക്കായും ഉപരിപഠനത്തിനായും എത്തിയിരിക്കുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടുകയും അവ പരിഹരിക്കാനുള്ള സജീവ നടപടികള്‍ സ്വീകരിക്കുന്നതിനും യുക്മ ദേശീയ നേതൃത്വവും, റീജിയണല്‍ കമ്മിറ്റികളും അംഗ അസോസിയേഷനുകളുമായി ചേര്‍ന്ന് മുന്‍നിരയില്‍ തന്നെ പ്രവര്‍ത്തിക്കുന്നതായി യുക്മ നേതൃത്വം അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : അലക്‌സ് വര്‍ഗ്ഗീസ്