കോവിഡിന്റെ വെല്ലുവിളികളെ ധീരമായി ഏറ്റെടുത്തുകൊണ്ട്, ലോക പ്രവാസി സമൂഹത്തിനാകെ അഭിമാനത്തിന്റെ നിമിഷങ്ങള്‍ സമ്മാനിച്ച യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളക്ക് ആവേശകരമായ സമാപനം. നേരത്തെ കേരള ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ യുക്മയുടെ പുതുവര്‍ഷ ആഘോഷങ്ങളും ദേശീയ കലാമേള സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്തിരുന്നു. യു.കെയിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ മലയാള സംസ്‌കാരത്തിനും കലകള്‍ക്കും പ്രവാസ നാട്ടില്‍ നല്‍കിവരുന്ന പ്രോത്സാഹനം ശ്ളാഘനീയമാണെന്ന് ശൈലജ ടീച്ചര്‍ അനുസ്മരിച്ചു.
ചടങ്ങില്‍ വിശിഷ്ടാടാതിഥി ആയി എത്തിയ പ്രശസ്ത നോവലിസ്റ്റും തിരക്കഥാകൃത്തുമായ പെരുമ്പടവം ശ്രീധരന്‍ മലയാണ്മയുടെ സൗരഭ്യമാര്‍ന്ന ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സെലിബ്രിറ്റി അതിഥിയായി എത്തിയ പ്രശസ്ത തമിഴ് - മലയാള ചലച്ചിത്ര താരം ബാല കുമാര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഹൃദ്യവും പ്രചോദനാത്മകവുമായ സന്ദേശമാണ് നല്‍കിയത്. എറണാകുളം എം.പി ഹൈബി ഈഡന്‍ ആശംസയര്‍പ്പിച്ചു.
യുക്മയുടെ ശക്തരായ ഈസ്റ്റ് ആംഗ്ലിയ റീജിയനാണ് പതിനൊന്നാമത് ദേശീയ കലാമേളയുടെ ചാമ്പ്യന്മാര്‍. മേളയിലെ കറുത്ത കുതിരകളായ യോക് ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയനെ പിന്തള്ളിയാണ് ഈസ്റ്റ് ആംഗ്ലിയ ചരിത്രനേട്ടം കുറിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ സൗത്ത് ഈസ്റ്റ് റീജിയണിലെ വില്‍ഷെയര്‍ മലയാളി അസോസിയേഷനെ ഒരേ ഒരു പോയിന്റിന് പിന്നിലാക്കി ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ ലൂട്ടന്‍ കേരളൈറ്റ്‌സ് അസോസിയേഷന്‍ ഈ വര്‍ഷത്തെ ചാമ്പ്യന്‍ അസോസിയേഷന്‍ കിരീടം ചൂടി.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ വിജയഗാഥയൊരുക്കിയ ഒരു കുടുംബമാണ് കലാതിലകം - കലാപ്രതിഭ പട്ടങ്ങളിലൂടെ അനുമോദനങ്ങള്‍ ഏറ്റുവാങ്ങിയത്. ലൂട്ടന്‍ നിവാസികളായ, ഐ ടി രംഗത്ത് ജോലിചെയ്യുന്ന അലോഷ്യസ് - ജിജി ദമ്പതികളുടെ മക്കളാണ് യുക്മ കലാമേളകളുടെ ചരിത്രത്തില്‍ സ്ഥാനം നേടിയിരിക്കുന്നത്. പങ്കെടുത്ത മൂന്നിനങ്ങളിലും ഒന്നാം സ്ഥാനം നേടിക്കൊണ്ട് ആനി അലോഷ്യസ് കലാതിലകപട്ടവും, സഹോദരന്‍ ടോണി അലോഷ്യസ് കലാപ്രതിഭ പട്ടവും കരസ്ഥമാക്കി.
നൃത്ത മത്സരങ്ങളിലെ പ്രത്യേക പ്രാവീണ്യത്തിനുള്ള നാട്യമയൂരം അവാര്‍ഡ് ഈസ്റ്റ് യോര്‍ക്ഷയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷനിലെ മരിയ രാജു കരസ്ഥമാക്കി. മലയാള ഭാഷാ പ്രോത്സാഹനത്തിന്റെ ഭാഗമായി നല്‍കിവരുന്ന ഭാഷാകേസരി അവാര്‍ഡ് കാര്‍ഡിഫ് മലയാളി അസോസിയേഷനിലെ കെവിന്‍ ടൈറ്റസ് നേടി.
ഓരോ വിഭാഗങ്ങളിലും വ്യക്തിഗത ചാമ്പ്യന്മാര്‍ക്കുള്ള തെരഞ്ഞെടുപ്പും ഏറെ വാശിയേറിയതായിരുന്നു. വില്‍ഷെയര്‍ മലയാളി അസോസിയേഷനിലെ ജാന്‍വി ജയേഷ് നായര്‍ (കിഡ്സ്), ഈസ്റ്റ് യോര്‍ക്ഷയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷനിലെ മരിയ രാജു (സബ്-ജൂനിയേര്‍സ്), ലൂട്ടന്‍ കേരളൈറ്റ്‌സ് അസ്സോസിയേഷനില്‍നിന്നുള്ള ടോണി അലോഷ്യസ് (ജൂനിയേര്‍സ്), ആനി അലോഷ്യസ് (സീനിയേഴ്‌സ്) എന്നിവരാണ് വ്യക്തിഗത ചാമ്പ്യന്മാര്‍.
യുക്മ ദേശീയ പ്രസിഡന്റ് മനോജ് പിള്ള അധ്യക്ഷനായിരുന്നു. എട്ട് മണിക്കൂറിലധികം നീണ്ട് നിന്ന പരിപാടിയില്‍ വിശിഷ്ടാതിഥികളും സ്‌പോണ്‍സര്‍മാരും യുക്മ നേതാക്കളുമായി അറുപതോളം പേരാണ് ലൈവില്‍ സംസാരിക്കുന്നതിനും ഫലപ്രഖ്യാപനം നടത്തുന്നതിനുമായി എത്തിയത്. ഓരോ വ്യക്തിക്കും യുക്മയുമായുള്ള ബന്ധം എടുത്തുപറഞ്ഞുകൊണ്ട് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യന്‍ ലൈവ് സ്ട്രീമിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു. മുന്‍ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് ആദ്യ ഫലപ്രഖ്യാപനം നടത്തുകയും കലാമേളയ്ക്ക് ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. യു കെ മലയാളികള്‍ക്ക് സുപരിചിതയായ അവതാരകയും നര്‍ത്തകിയുമായ ദീപാ നായര്‍ ആയിരുന്നു ഉദ്ഘാടന - സമാപന ചടങ്ങുകള്‍ മികവോടെ ഏകോപിപ്പിച്ചത്. യുക്മ കലാമേളയുടെ സ്‌പോപോണ്‍സര്‍മാര്‍ കൂടിയ അലൈഡ് ഫിനാന്‍സ് & മോര്‍ട്‌ഗേജ് സര്‍വ്വീസിന്റെ ബിജോ ടോം, പോള്‍ ജോണ്‍ & കമ്പനി സോളിസിറ്റേഴ്‌സിന്റെ പോള്‍ ജോണ്‍ എന്നിവര്‍ കലാമേളയ്ക്ക് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.
വാര്‍ത്തയും ഫോട്ടോയും : സജീഷ് ടോം