ബര്‍ലിന്‍: അമ്പത്തി രണ്ടാമത് അന്താരാഷ്ട്ര ടൂറിസം മേള (ഐ.റ്റി.ബി.) ബര്‍ലിന്‍ അന്തരാഷ്ട്ര കോണ്‍ഗ്രസ് സെന്ററില്‍ മാര്‍ച്ച് 7 മുതല്‍ 11 വരെ നടത്തപ്പെടും. ഈ വര്‍ഷത്തെ ഐ.റ്റി.ബി യിലെ പങ്കാളിത്തം ജര്‍മന്‍ സംസ്ഥാനം മെക്കലന്‍ബൂര്‍ഗ് ഫോര്‍പൊമ്മന്‍ ആണ്. ഒന്നര ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 190 രാജ്യങ്ങളും 11000 പ്രദര്‍ശകരുമാണ് ഈ ഐ.റ്റി.ബിയില്‍ പങ്കെടുക്കുന്നത്. മാര്‍ച്ച് 6 ന് വൈകീട്ട് 6 മണിക്ക് ബര്‍ലിന്‍ അന്താരാഷ്ട്ര കോണ്‍ഗ്രസ് സെന്ററില്‍ ജര്‍മന്‍ ചാന്‍സലര്‍ അംഗെലാ മെര്‍ക്കല്‍, മെക്കലന്‍ബൂര്‍ഗ് ഫോര്‍പൊമ്മന്‍ മുഖ്യമന്ത്രി മാനുവെലാ ഷ്വെസിങ്ങ് എന്നിവര്‍ ഈ അന്താരാഷ്ട്ര ടൂറിസം മേള ഉദ്ഘാടനം ചെയ്യും. ബര്‍ലിന്‍ മേയര്‍ മൈക്കിള്‍ മ്യുള്ളര്‍, അന്താരാഷ്ട്ര കോണ്‍ഗ്രസ് സെന്റര്‍ പ്രസിഡന്റ് റെയ്മണ്ട് ഹോഷ് എന്നിവര്‍ ഈ ഉദ്ഘാടന ചടങ്ങില്‍ സ്വാഗതം ആശംസിക്കും. വേള്‍ഡ് ടൂറിസം ജനറല്‍ സെക്രട്ടറി തലേബ് റിഫായ്, ജര്‍മന്‍ ടൂറിസം സംഘടനാ പ്രസിഡന്റ് ക്ലൗസ് ലേയപ്പിള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. തുടര്‍ന്ന് മെക്കലന്‍ബൂര്‍ഗ് ഫോര്‍പൊമ്മന്‍, ജര്‍മന്‍ കലാകാരന്മാരും, കലാകാരികളും അവതരിപ്പിക്കുന്ന വിവിധ കലാസാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും.

ഐ.റ്റി.ബിയുടെ ആരംഭം മുതല്‍ ഈ ലോക സഞ്ചാര മേളയില്‍ പങ്കെടുത്തു വരുന്ന ഇന്ത്യ ടൂര്‍ ഓപ്പറേറ്റേഴ്‌സ്, സംസ്ഥാന ടൂറിസം വകുപ്പുകള്‍, ഹോട്ടലുകള്‍, ആയുര്‍വേദ റിസോര്‍ട്ടുകള്‍, ഹൗസ് ബോട്ട് ഓപ്പറേറ്റേഴ്‌സ് എന്നിവര്‍ ഉള്‍പ്പെടുന്ന 190 പ്രദര്‍ശകരുമായി ഐ.റ്റി.ബി യില്‍ പങ്കെടുക്കുന്നു. ഇന്ത്യന്‍ ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, ജോയിന്റ് സെക്രട്ടറി അമിതാ കാന്ദ് എന്നിവരും ആദ്യാവസാനം ഈ ലോക സഞ്ചാരമേളയില്‍ പങ്കെടുക്കും. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ നിന്നും കെ.റ്റി.ഡി.സി. ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പ്, ടൂറിസം സെക്രട്ടറി ഡോ.റാണി ജോര്‍ജ് എന്നിവരുടെ നേത്യത്വത്തില്‍ 18 പ്രദര്‍ശകര്‍ ഈ മേളയില്‍ പങ്കെടുക്കുന്നു.

വാര്‍ത്ത അയച്ചത് : ജോര്‍ജ് ജോണ്‍