മാഞ്ചസ്റ്റര്‍: ജീവിതപ്രശ്‌നങ്ങളില്‍ ഈശോയില്‍ നിന്നും വേര്‍പെട്ടുപോകാതെ ഉള്ളുതുറന്ന് ഈശോയോടു ചോദിക്കുന്ന മനോഭാവം വളര്‍ത്തിയെടുക്കുവാന്‍ മാര്‍ ജോസഫ് ശ്രാമ്പിക്കല്‍ വിശ്വാസികളെ ഉത്ബോധിപ്പിച്ചു. മാഞ്ചസ്റ്റര്‍ തിരുനാളില്‍ മുഖ്യകാര്‍മികനായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തോമാശ്ലീഹായെപ്പോലെ വിശ്വാസത്തിനുവേണ്ടി സഹിക്കുവാനും ത്യജിക്കുവാനും തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാര്‍ ജോസഫ് ശ്രാമ്പിക്കല്‍ തിരുന്നാള്‍ കുര്‍ബാനയില്‍ മുഖ്യകാര്‍മ്മികന്‍ ആയപ്പോള്‍ മാഞ്ചസ്റ്റര്‍ മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് അഞ്ചാനിക്കല്‍, ഫാ.നിക്ക് കെണ്‍, ഫാ:ജോ.മൂലേച്ചെരി എന്നിവര്‍ സഹകാര്‍മികരായി.

രാവിലെ കൃത്യം പത്തിന് പിതാവും, വൈദീകരും, തിരുന്നാള്‍ പ്രസിദേന്തിമാരും, പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനുള്ള കുട്ടികളും പ്രദക്ഷിണമായി എത്തിയതോടെയാണ് തിരുന്നാള്‍ കുര്‍ബാനക്ക് തുടക്കമായത്. മാഞ്ചസ്റ്ററില്‍ ആകസ്മികയായി മരണമടഞ്ഞ സുമിത്തിന്റെ വേര്‍പാടില്‍ അനുശോചിച്ചുകൊണ്ട് ഫാ.ജോസ് അഞ്ചാനിക്കല്‍ നടത്തിയ ആമുഖ പ്രഭാഷണത്തെ തുടര്‍ന്ന് കാഴ്ചവെപ്പോടെയാണ് തിരുന്നാള്‍ കുര്‍ബാനക്ക് തുടക്കമായത്. 

പതിനൊന്നു കുട്ടികള്‍ പിതാവില്‍നിന്നും പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചത് തിരുന്നാള്‍ തിരുക്കര്‍മങ്ങളെ കൂടുതല്‍ ഭക്തിസാന്ദ്രമാക്കിയപ്പോള്‍ വിശുദ്ധ തോമാസ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുവാന്‍ ഒട്ടേറെ വിശ്വാസികള്‍ എത്തിച്ചേര്‍ന്നു. കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ പേരും ഓണ്‍ലൈനിലൂടെ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കാളികളായി. ദിവ്യബലിയെ തുടര്‍ന്ന് ലദീഞ്ഞും ആശീര്‍വാദവും നടന്നു. തുടര്‍ന്ന് പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ കൈമാറുകയും കുട്ടികളോടും കുടുംബാംഗങ്ങളോടും ഒപ്പം ഒട്ടേറെ സമയം ചിലവഴിച്ചശേഷം മരണമടഞ്ഞ സുമിത്തിന്റെ വീട്ടില്‍ എത്തി പ്രാര്‍ത്ഥനകള്‍ നടത്തുകയും കുടുംബാംഗങ്ങളെയും,ബന്ധുമിത്രാദികളെയും ആശ്വസിപ്പിച്ച ശേഷമാണ് മാര്‍ ജോസഫ് ശ്രാമ്പിക്കല്‍ മടങ്ങിയത്.

കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ തിരുന്നാള്‍ പ്രദക്ഷിണം ഉള്‍പ്പെടെ ഒട്ടേറെ ആഘോഷങ്ങള്‍ വെട്ടിച്ചുരുക്കിയാണ് തിരുന്നാള്‍ കൊണ്ടാടിയത്. ജൂണ്‍ 27 ഞായറാഴ്ചയാണ് ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായത്. പിന്നീട് ഒരോ ദിവസവും ദിവ്യബലിയും നൊവേനയും നടന്നു. തിരുന്നാളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നേര്‍ച്ചയും, ലഘുഭക്ഷണവും പ്രത്യേകം പായ്ക്ക് ചെയ്താണ് നല്‍കിയത്.

ഞായറാഴ്ച വൈകുന്നേരം 3.30 ന് നടന്ന താങ്ക്‌സ് ഗിവിങ് മാസ്സില്‍ ഫാ.ജോസ് അഞ്ചാനിക്കല്‍ മുഖ്യ കാര്‍മ്മികനായി. ഇതേത്തുര്‍ന്ന് തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ടുള്ള കൊടിയിറക്ക് നടന്നു. തിരുന്നാള്‍ ആഘോഷങ്ങളുടെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും ഫാ.ജോസ് അഞ്ചാനിക്കല്‍ പ്രത്യകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് അഞ്ചാനിക്കല്‍,കൈക്കാരന്മാരായ അലക്‌സ് വര്‍ഗീസ്, ചെറിയാന്‍ മാത്യു, ജിന്‍സ്‌മോന്‍ ജോര്‍ജ്, ജോജി ജോസഫ്, ജോസ് വരിക്കയില്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച വിവിധ കമ്മിറ്റികള്‍ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.