മാഞ്ചസ്റ്റര്‍: യുകെയുടെ മലയാറ്റൂര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വിഖ്യാതമായ മാഞ്ചസ്റ്ററില്‍  ഭാരത അപ്പസ്‌തോലന്‍ മാര്‍ തോമാശ്‌ളീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഞായറാഴ്ച (27/6/21) വൈകീട്ട് 4 മണിക്ക് ഷ്രൂസ്ബറി രൂപതാ വികാരി ജനറാള്‍ ഫാ.മൈക്കിള്‍ ഗാനന്‍ കൊടിയേറ്റും. സെന്റ്.ആന്റണീസ് ചര്‍ച്ച് വികാരി ഫാ.നിക് കേണ്‍, ഇടവക വികാരി ഫാ.ജോസ് അഞ്ചാനിക്കല്‍ തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്ന് വി.കുര്‍ബ്ബാനയും പ്രസുദേന്തി വാഴ്ചയും ഉണ്ടായിരിക്കുന്നതാണ്.

തിരുനാളിന്റെ ഒരുക്കമായി ഇന്ന് ഇടവകയില്‍ പ്രാര്‍ത്ഥനാദിനമായി ആചരിക്കും. രാവിലെ 9 മണിക്ക് ജപമാല തുടര്‍ന്ന് 9.30 ന് ദിവ്യബലിക്ക് ശേഷം 10.30 മുതല്‍ തുടര്‍ച്ചയായി ചെയിന്‍ പ്രാര്‍ത്ഥന ഇടവകയിലെ വിവിധ കുടുംബക്കൂട്ടായ്മകളുടെ നേതൃത്വത്തില്‍ നടക്കുന്നതാണ്.

രാത്രി 7.30 ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സിസ്റ്റര്‍ ആന്‍ മരിയ എസ്.എച്ച്  നേതൃത്വം നല്‍കുന്ന ആത്മീയ ഒരുക്ക പ്രഭാഷണവും നടക്കും. തുടര്‍ന്ന് സമാപന ആശീര്‍വാദവും ഉണ്ടായിരിക്കുന്നതാണ്.

പ്രധാന തിരുന്നാള്‍ ആഘോഷങ്ങള്‍ ജൂലൈ മൂന്ന് ശനിയാഴ്ച നടക്കും. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ മെത്രാന്‍ മാര്‍.ജോസഫ് സ്രാമ്പിക്കല്‍  മുഖ്യ കാര്‍മ്മികന്‍  ആയി തിരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കും. മാഞ്ചസ്റ്റര്‍ സെന്റ്.തോമസ് ദി അപ്പസ്‌തോല്‍ മിഷനിലെ 11 കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണമാണ് ഇക്കുറി തിരുന്നാളിന്റെ മുഖ്യ ആകര്‍ഷണം. ജൂണ്‍ 26 തിരുനാള്‍ ആരംഭിക്കുന്ന ദിവസം മുതല്‍ എല്ലാ ദിവസവും ദിവ്യബലിയും നൊവേനയും നടക്കും. തിരുന്നാള്‍ വിജയത്തിനായി മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് അഞ്ചാനിക്കല്‍, കൈക്കാരന്മാരായ അലക്‌സ് വര്‍ഗീസ്, ചെറിയാന്‍ മാത്യു, ജിസ്‌മോന്‍ ജോര്‍ജ്, ജോജി ജോസഫ്, ജോസ് വരിക്കയില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു  വരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചു കൊണ്ട് ലളിതമായിട്ടാണ് ഇക്കുറി തിരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുകയെന്ന് വികാരി ഫാ.ജോസ് അഞ്ചാനിക്കല്‍ അറിയിച്ചു.

സാധാരണ തോരണങ്ങളാലും ഫ്‌ളക്‌സുകളുമായി കമനീയമായി അലങ്കരിച്ചു മോടിപിടിപ്പിക്കാറുണ്ടായിരുന്ന സെന്റ് ആന്റണീസ് ദേവാലയവും പള്ളിപ്പരിസരങ്ങളും ഇക്കുറി കോവിഡിന്റെ പശ്ചാത്തലത്തില്‍ അതെല്ലാം ഒഴിവാക്കി ലളിതമാക്കിരിക്കുകയാണ്.

വിശ്വാസികള്‍ക്ക് ആത്മീയ ഉണര്‍വ്വ് പകരുന്ന മാഞ്ചസ്റ്ററിലെ തിരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതില്‍ എല്ലാവര്‍ക്കും സാധിക്കാതെ വരുന്നതിനാല്‍ ലൈവായി ടെലികാസ്റ്റ് ചെയ്യുന്നുണ്ട്.  മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാളില്‍ നേരിട്ടും ലൈവ് സംപ്രേക്ഷണത്തിലൂടെയും പങ്കെടുത്തു കൊണ്ട് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും ഇടവക വികാരി റവ.ഫാ.ജോസ് അഞ്ചാനിക്കല്‍ ക്ഷണിക്കുന്നു.