ലണ്ടന്‍: ലോകമെമ്പാടുമുള്ള പൂര്‍വവിദ്യാര്‍ത്ഥികളെയും നിലവിലുള്ള അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ച് വെര്‍ച്വല്‍ പ്ലാറ്റഫോമില്‍ നടത്തുന്ന ആദ്യ സംഗമമാണ് 'ടെക്റ്റാള്‍ജിയ' എന്ന പേരില്‍ തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജ് അലുംനി അസോസിയേഷനും യു.കെ ചാപ്റ്ററും കൂടെ സംഘടിപ്പിച്ചത്. രണ്ട് ദിവസങളിലായി 8 മണിക്കൂറോളും നീണ്ടു നിന്ന ലൈവ് പരിപാടികള്‍ മാര്‍ച്ച് 21 നും 27 നുമായി നടന്നു. രണ്ടാം ദിവസമായ മാര്‍ച്ച് 27 ന് അഞ്ചു മണിക്കൂര്‍ നീണ്ടു നിന്ന മികച്ച കലാസാഹിത്യ പ്രകടനങ്ങള്‍ പ്രിന്‍സിപ്പല്‍ ഡോ.വി. എസ്. ഷീബ ഉദ്ഘാടനം ചെയ്തു. പ്രൊ.കൃഷ്ണകുമാര്‍ (സെക്രട്ടറി അലുംനി അസോസിയേഷന്) സ്വാഗതം നിര്‍വഹിച്ച ചടങ്ങില്‍ റെയ്മോള്‍ നിധീരി (യു.കെ) അവതാരകയും മുഖ്യ സംഘാടകയുമായിരുന്നു.
വിവിധ അലുംനി ചാപ്റ്റേഴ്സ് അവതരിപ്പിച്ച കലാ, സാഹിത്യ പരിപാടികള്‍ ടെക്റ്റാള്ജിയക്ക് മിഴിവേകി. പൂര്‍വ വിദ്യാര്‍ത്ഥികളെ അവരുടെ പഴയ കാലഘട്ടത്തിലേക്ക് കൊണ്ട് പോയ പരിപാടി, വളരെ മികവ് പുലര്‍ത്തി. ഡോ. ഷീജ കൃഷ്ണന് (യു.കെ) കൃതജ്ഞത പറഞ്ഞു. സിനോജ് ചന്ദ്രന് (യു.കെ) പരിപാടികളുടെ ടെക്നിക്കല്‍ ഹെഡ് ആയിരുന്നു.
സുനീത് നായര്‍ രചന നിര്‍വഹിച്ച്, ജിതേഷ് നാരായണന് സംഗീതം നല്കി ആലപിച്ച കോളേജ് തീം സോംഗോടെ പരിപാടികള്‍ക്ക് തുടക്കമായി. സങ്കേതിക രംഗത്തെ ജോലിത്തിരക്കുകള്‍ക്കിടയിലും, സംഗീതത്തോടുള്ള അഭിരുചി കൈവിടാതെ മികച്ച രചനകള്‍ അവതരിപ്പിക്കുന്ന ബാഗ്ലൂര് ചാപ്റ്ററിന്റെ മ്യൂസിക് 5 എന്ന ബാന്‍ഡ് ആവേശകരമായ തുടക്കം നല്കി. ലളിതമായ വേഷവിധാനങ്ങളുമായി, പച്ചപ്പിന്റെ പശ്ചാത്തലത്തില്‍ രാജശ്രീ നൃത്തം അവതരിപ്പിച്ചു.
വയലാര്‍ ഓര്‍മ്മ നിറച്ച ഗാനവുമായി ജയദീപ് വാരിയരും, മകന് ആര്യനും കോളേജ് കാമ്പസില്‍ ചിത്രീകരിച്ച ഒ.എന്‍.വി ഗാനങ്ങള്‍ ആലപിച്ചു. പൂര്‍വവിദ്യാര്‍ത്ഥി കൂടിയായ വി.ടി.ബല്‍റാം എം.എല്‍.എ, മുന്‍ ഡി.ജി.പി ഹേമചന്ദ്രന്, കൈരളി ചാനല്‍ ഡയറക്ടര്‍ ടി.ആര്.അജയന്, ഭൗമ ചാപം എന്ന പുസ്തകമെഴുതിയ സി. എസ്. മീനാക്ഷി, പഠന കാലത്ത് കോളജ് മാഗസിന് എഡിറ്ററായിരുന്ന നരേന്ദ്രന് മാണിക്കത്ത്, സൈബര്‍ സെക്യൂരിട്ടി രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഗമേശ്വരന് എന്നിവര്‍ സംസാരിച്ചു.