സ്വിറ്റ്‌സര്‍ലന്‍ഡ്:  സംഗീതജ്ഞനും ഗ്രാമി അവാര്‍ഡ് ജേതാവുമായ മനോജ് ജോര്‍ജ്, സ്വിറ്റ്‌സര്‍ലന്‍ഡില്‍ സംഗീതനിശ ഒരുക്കുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായ ലൈറ്റ് ഇന്‍ ലൈഫ് എന്ന സംഘടന, ആസ്സാമിലെ പിന്നോക്കമേഖലയില്‍ ഈവര്‍ഷം ആരംഭിക്കുന്ന സ്‌കൂളിനുവേണ്ടിയുള്ള ധനശേഖരണത്തിന്റെ ഭാഗമായാണ് സംഗീതനിശ ഒരുക്കുന്നത്.

SYMPHONY OF EMPATHY'സിംഫണി ഓഫ് എംപതി' എന്ന് പേരിട്ടിരിക്കുന്ന സംഗീതമേളയില്‍, മനോജ് ജോര്‍ജിനോടൊപ്പം, ഫ്ളവേഴ്സ് ടിവിയിലൂടെ മലയാളികളുടെ മനം കവര്‍ന്ന അനുഗ്രഹീത ഗായകന്‍ ഫാ.വില്‍സന്‍ മേച്ചേരിയും ഭാഗമാകും. സൂറിച്ചിലെ ഹെസ്ലിഹാളില്‍ 2018 ഡിസംബര്‍ 1 നാണ് പരിപാടി നടക്കുന്നത്.

കഴിഞ്ഞ വര്‍ഷം, കേരളത്തിലെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടി പഞ്ചായത്തില്‍ അഞ്ചു കുടികളിലായി 250 വീടുകളുടെ സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിനു ലൈറ്റ് ഇന്‍ ലൈഫിന്റെ നേതൃത്വത്തില്‍ സ്വിസ് മലയാളികള്‍ കൈകോര്‍ത്തപ്പോള്‍,  കേരള സര്‍ക്കാരിന്റെയും KSEB യുടെയും പ്രത്യേക പ്രശംസ നേടിയിരുന്നു. വിജയകരമായി പൂര്‍ത്തിയാക്കിയ മേഘാലയ സ്‌കൂള്‍ പ്രോജക്ട് അടക്കം, കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ ഏതാണ്ട് രണ്ടര കോടിയോളം രൂപ, വിവിധ പ്രോജക്ടുകള്‍ക്കായി സമാഹരിച്ചു നല്‍കി, ജീവകാരുണ്യരംഗത്ത് സ്തുത്യര്‍ഹമായ സേവനമാണ് ലൈറ്റ് ഇന്‍ ലൈഫ് നിര്‍വഹിക്കുന്നത്. www.lightinlife.org

വാര്‍ത്ത അയച്ചത് : ടോം കുളങ്ങര