പ്രശസ്ത കവിയും മലയാളം മിഷന്‍ ഭരണ സമിതി അംഗവുമായിരുന്ന സുഗതകുമാരി ടീച്ചറിന് ആദരവര്‍പ്പിച്ച് ആഗോള തലത്തില്‍ സംഘടിപ്പിക്കുന്ന കാവ്യാലാപന മത്സരത്തില്‍ പങ്കെടുക്കുന്നതിനായി മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ കീഴിലുള്ള പഠന കേന്ദ്രങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ 'സുഗതാഞ്ജലി'കാവ്യാലാപന മത്സര വിജയികളെ പ്രഖ്യാപിച്ചു. ജൂനിയര്‍- സീനിയര്‍ വിഭാഗങ്ങളിലായി യുകെയിലെ ആറ് മേഖലകളിലെ പഠന കേന്ദ്രങ്ങളില്‍ നിന്നും നിരവധി കുട്ടികളാണ് പങ്കെടുത്തത്. ജൂനിയര്‍ വിഭാഗത്തില്‍ സൗത്ത് ഈസ്റ്റ് റീജിയണിലെ ബേസിംഗ്സ്റ്റോക്ക് മലയാളം സ്‌കൂളില്‍ നിന്നുമുള്ള ആന്‍ എലിസബത്ത് ജോബിയും, ആരോണ്‍ തോമസും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. മിഡ്ലാന്‍ഡ്സ് റീജിയണിലെ കേരള സ്‌കൂള്‍ കവന്‍ട്രിയില്‍ നിന്നുള്ള മാളവിക ഹരീഷിനാണ് മൂന്നാം സ്ഥാനം ലഭിച്ചത്.

സീനിയര്‍ വിഭാഗത്തില്‍ യോര്‍ക്ക്‌ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയണിലെ സമീക്ഷ മലയാളം സ്‌കൂള്‍ ന്യൂകാസിലില്‍ നിന്നുമുള്ള ഭാവന ഉഷ ബിനൂജിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. നോര്‍ത്ത് മേഖലയില്‍ നിന്നുള്ള മാഞ്ചസ്റ്റര്‍ മലയാളം സ്‌കൂളിലെ കൃഷ് മിലാന്‍ രണ്ടാം സ്ഥാനവും സൗത്ത് ഈസ്റ്റ് റീജിയണിലെ വെസ്റ്റ് സസെക്‌സ് ഹിന്ദു സമാജം മലയാളം സ്‌കൂളിലെ ശാരദ പിള്ള മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഓരോ വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനങ്ങള്‍ ലഭിച്ചവര്‍ക്കാണ് മാര്‍ച്ച് 6, 7 തീയതികളിലായി നടത്തുന്ന ആഗോളതല മത്സരത്തില്‍ മലയാളം മിഷന്‍ യുകെ ചാപ്റ്ററിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിനുള്ള അര്‍ഹത നേടിയത്. ആഗോളതല മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള വിശദാംശങ്ങള്‍ യു.കെയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിജയികളെ യുകെ ചാപ്റ്റര്‍ ഭാരവാഹികള്‍ അറിയിച്ചു.

യുകെ ചാപ്റ്റര്‍ വിജയകരമായി സംഘടിപ്പിച്ച 'സുഗതാഞ്ജലി' കാവ്യാലാപന മത്സരത്തിന് നേതൃത്വം നല്‍കിയ ചാപ്റ്റര്‍ പ്രസിഡന്റ് സി.എ.ജോസഫ്, സെക്രട്ടറി ഏബ്രഹാം കുര്യന്‍ റീജിയണല്‍ കോര്‍ഡിനേറ്റര്‍മാരായ ബേസില്‍ ജോണ്‍, ആഷിക് മുഹമ്മദ്, ജനേഷ് നായര്‍, ജയപ്രകാശ് എസ്.എസ്., റെഞ്ചുപിള്ള, ജിമ്മി ജോസഫ് എന്നിവരെയും കുട്ടികളെ പരിശീലിപ്പിച്ച അധ്യാപകരെയും മാതാപിതാക്കളേയും കൃത്യമായി വിധി നിര്‍ണ്ണയം നടത്തി ഫലപ്രഖ്യാപനം നടത്തുവാന്‍ സഹായിച്ച വിധികര്‍ത്താക്കളെയും മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രവര്‍ത്തകസമിതി അഭിനന്ദിച്ചു.

മത്സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ എല്ലാവരും ഉന്നത നിലവാരം പുലര്‍ത്തിയെന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു.

'സുഗതാഞ്ജലി'അന്തര്‍ ചാപ്റ്റര്‍ കാവ്യാലാപന മത്സരത്തില്‍ വിജയികളായവരെയും പങ്കെടുത്ത എല്ലാവരെയും മലയാളം മിഷന്‍ ഡയറക്ടര്‍ അഭിനന്ദിക്കുകയും കൃത്യമായി മത്സരങ്ങള്‍ നടത്തി നിര്‍ദ്ദേശിച്ച സമയത്തിനുള്ളില്‍ത്തന്നെ മത്സരഫലം അറിയിക്കുകയും ചെയ്ത സംഘാടകരെയും എല്ലാ ചാപ്റ്റര്‍ ഭാരവാഹികളെയും പ്രത്യേകമായി അനുമോദനം അറിയിക്കുകയും ചെയ്തു.

യു കെ ചാപ്റ്ററിന്റെ കീഴിലുള്ള പഠന കേന്ദ്രങ്ങളിലെ കുട്ടികള്‍ക്കായി നടത്തിയ 'സുഗതാഞ്ജലി'കാവ്യാലാപന മത്സരത്തിലെ വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡും സാക്ഷ്യ പത്രവും മലയാളം മിഷനില്‍ നിന്ന് ലഭിക്കുന്നനതനുസരിച്ച് വിതരണം ചെയ്യുമെന്ന് യു കെ ചാപ്റ്റര്‍ പ്രസിഡന്റ് സി.എ ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും അറിയിച്ചു. ആഗോളതല തല മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് വിജയാശംസകളും നേര്‍ന്നു.

വാര്‍ത്തയും ഫോട്ടോയും : ഏബ്രഹാം കുര്യന്‍