ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന് (STSMCC) 20 വയസ്.  യുകെയിലെ ഏറ്റവും വലിയ കതോലിക് വിശ്വാസ സമൂഹങ്ങളില്‍ ഒന്നായ എസ്ടിഎസ്എംസിസിയുടെ ഒരു വര്‍ഷം നീളുന്ന ആഘോഷം, എസ്ടിഎസ്എംസിസിയുടെ എല്ലാ സംഘടനകളുടേയും ഭാരവാഹികളുടെ നേതൃത്വത്തില്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

രാവിലെ 9.30ന് നടന്ന വിശുദ്ധ കുര്‍ബാനയില്‍ ആദ്യകാലങ്ങളില്‍ STSMCC യെ നയിച്ച വൈദീകന്‍ ഫാ.സണ്ണി പോള്‍, എസ്ടിഎസ്എംസിസി വികാരി ഫാ.പോള്‍ വെട്ടിക്കാട്ട് എന്നിവരുടെ നേതൃത്വത്തില്‍ ആഘോഷമായ പാട്ടുകുര്‍ബാനയും ആരാധനയും നടന്നു. എസ്ടിഎസ്എംസിസിയ്ക്കായി കഴിഞ്ഞ 20 വര്‍ഷമായി സേവനം ചെയ്ത വൈദീകരെ വിശുദ്ധ കുര്‍ബാന മധ്യേ ഫാ.പോള്‍ വെട്ടിക്കാട്ട് അനുസ്മരിച്ചു. ഫാ.സണ്ണി പോളിന് ശേഷം ഫാ.ജോസഫ് നരിക്കുഴി, ഫാ.ജോര്‍ജ് വള്ളിയാംതടം, ഫാ.അനില്‍, ഫാ.ജിജി അലക്കളം, ഫാ.ജോണ്‍ കുടിയിരുപ്പില്‍, ഫാ.ജോര്‍ജ് ചീരാംകുഴി, ഫാ.തോമസ് പാറയടിയില്‍, ഫാ.റോജി, ഫാ.ജോയ് വയലില്‍, ഫാ.സെബാസ്റ്റ്യന്‍, ഫാ.സിറില്‍ ഇടമന, ഫാ.എബ്രഹാം, ഫാ.സക്കറിയ, ഫാ.ടോണി പഴയകളം തുടങ്ങി ഏവരുടേയും സേവനം എടുത്ത് പറഞ്ഞ് അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

നാട്ടിലായിരിക്കുന്ന ഡീക്കന്‍ ജോസഫ് ഫിലിപ്പിനേയും മുന്‍ സെക്രട്ടറിമാരും ട്രസ്റ്റിമാരുമായിരുന്ന ഏവരേയും വിശുദ്ധ കുര്‍ബാന മധ്യേ അനുസ്മരിച്ചു. അവര്‍ ചെയ്ത സേവനങ്ങളെ ഫാ.പോള്‍ വെട്ടിക്കാട്ട് ഓര്‍മ്മിപ്പിച്ചു.

പിന്നീട് ഗ്രൗണ്ടില്‍ വച്ചു നടന്ന പരിപാടിയില്‍ കുട്ടികളുടെ മത്സരങ്ങള്‍ രസകരമായി. ആകര്‍ഷകമായ ലേലം വിളികളുണ്ടായി. 

യുകെയിലാദ്യമായി സ്വന്തമായി ഒരു ദേവാലയം നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് STSMCC. 7 ലക്ഷം പൗണ്ടോളം മുടക്കിഅതിനുവേണ്ടിയുള്ള സ്ഥലം വാങ്ങിക്കുകയും അതില്‍ ദേവാലയം നിര്‍മ്മിക്കുവാനുള്ള പ്ലാനിംഗ് പെര്‍മിഷന്‍ ലഭിക്കുകയും ചെയ്തു. ദേവാലയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന ഇടവകാംഗങ്ങള്‍ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എല്ലാവിധ പിന്തുണയും നല്‍കുന്നുണ്ട്.

ഫാ പോള്‍ വെട്ടിക്കാട്ട്, കസ്റ്റോഡിയന്മാരായ സിജി സെബാസ്റ്റ്യന്‍, മെജോ ജോയ് ,ബിനു ജേക്കബ്, ഫാമിലി കൂട്ടായ്മകളുടെ കോര്‍ഡിനേറ്റര്‍ ജോര്‍ജ് തരകന്‍, ഡിക്കന്‍ ജോസഫ് ഫിലിപ്പ്,  സിസ്റ്റര്‍മാരായ സി. ലീന മേരി, സി. ഗ്രേസ് മേരി തുടങ്ങിയവരുടെ നേതൃത്വത്തില്‍ വലിയൊരു കൂട്ടായ്മയുടെ വിജയമാണ് എസ്ടിഎസ്എംസിസിയുടേത്.

വാര്‍ത്തയും ഫോട്ടോയും : ജെഗി ജോസഫ്