വിയന്ന: ഓസ്ട്രിയയില്‍ നിര്‍മ്മിച്ച കട്ടുറുമ്പിന്റെ സ്വര്‍ഗ്ഗം എന്ന ഹ്രസ്വചിത്രത്തിന് അവാര്‍ഡ്. മികച്ച പ്രവാസി ചിത്രമുള്‍പ്പെടെ നാല് അവാര്‍ഡുകളാണ് ചിത്രം സ്വന്തമാക്കിയത്. ചലച്ചിത്ര സംവിധായകന്‍ ഭരതന്റെ സ്മരണാര്‍ത്ഥം വേള്‍ഡ് ഡ്രമാറ്റിക് സ്റ്റഡി സെന്റര്‍ ആന്‍ഡ് ഫിലിം ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഏര്‍പ്പെടുത്തിയ ഭരതന്‍ സ്മാരക ഹ്രസ്വ സിനിമാ പുരസ്‌കാരങ്ങളാണ് കട്ടുറമ്പിന്റെ സ്വര്‍ഗ്ഗത്തിനു ലഭിച്ചത്.

ഏറ്റവും മികച്ച ഷോര്‍ട്ട് ഫിലിം, ബാലനടി, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നിങ്ങനെ നാല് അവാര്‍ഡുകളാണ് വിയന്നയിലെ പ്രവാസി മലയാളികളെ തേടിയെത്തിയത്. മികച്ച ബാലനടി നിലാന മരിയ തോമസ്, മികച്ച തിരക്കഥാകൃത്ത് മോനിച്ചന്‍ കളപ്പുരയ്ക്കല്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം. ഇരുവരും ഓസ്ട്രിയയിലെ വിയന്നയില്‍ സ്ഥിരമായി താമസിക്കുന്നവരാണ്.

കട്ടുറുമ്പിന്റെ സ്വര്‍ഗ്ഗത്തിന് പുറമെ ബോബന്‍ സിത്താരയുടെ 'ഇനി', ആര്‍ സന്ധ്യയുടെ 'ഓളങ്ങളിലെ കാണാക്കയങ്ങള്‍', ദീപുകാട്ടൂരിന്റെ 'അനുരാഗ മുരളി', സന്ധ്യ ആറിന്റെ 'കിളിപാടിയ പാട്ട്', ദിലീപ് നികേതന്റെ 'ഗിഫ്റ്റ്', കെ.ജെ.ജോസിന്റെ 'വേര്‍പാടിന്റെ പുസ്തകം', സാബു എസ്.എല്‍ പുരത്തിന്റെ 'വൃത്തം', കെ.സന്മയാനന്ദന്റെ 'ചിപ്രം', ഹാപ്പി ബൈജുവിന്റെ 'വെണ്ണിലാവ്', കെ.എച്ച്.ആദിത്യന്റെ 'നവംബര്‍ നൈറ്റ്', രാഹുല്‍രാജിന്റെ 'ദ്രവ്യം' എന്നീ ചിത്രങ്ങളും പുരസ്‌കാരത്തിന് അര്‍ഹമായി.

ദിലീപ് നികേതന്‍ (സംവിധാനം), അനീഷ് ഹരിദാസ് (ക്യാമറ), ടോണി ജോസഫ് (കലാസംവിധാനം), സി.ജി.മധു കാവുങ്കല്‍ (ഗാനരചന), ദീപുരാജ് ആലപ്പുഴ (നടന്‍), ജീതു ബൈജു (നടി), സായി കൃഷ്ണ (ബാലനടന്‍), ബിജു കലഞ്ഞൂര്‍ (എഡിറ്റിംഗ്) എന്നിവര്‍ക്കാണ് മറ്റ് പുരസ്‌ക്കാരങ്ങള്‍.

മൊമെന്റോയും പ്രശസ്തി പത്രവും മാര്‍ച്ച് 27ന് ആലപ്പുഴയില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. സംവിധായകന്‍ പോള്‍സണ്‍, കവി ആലപ്പുഴ രാജശേഖരന്‍ നായര്‍, മാദ്ധ്യമ പ്രര്‍ത്തകന്‍ ബി. ജോസുകുട്ടി എന്നിവരടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. വാര്‍ത്താസമ്മേളനത്തില്‍ സ്റ്റഡിസെന്റര്‍ ഡയറക്ടര്‍ ആര്യാട് ഭാര്‍ഗവന്‍, ജഡ്ജിങ് കമ്മിറ്റി അംഗങ്ങളായ ആലപ്പുഴ രാജശേഖരന്‍ നായര്‍, ബി.ജോസുകുട്ടി, നടന്‍ പുന്നപ്ര അപ്പച്ചന്‍ എന്നിവര്‍ പങ്കെടുത്തു.

ഓസ്ട്രിയയില്‍ താമസിക്കുന്ന ഒരു പ്രവാസി മലയാളി കുടുംബത്തെ കൊറോണ വൈറസ് ബാധിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് വിയന്ന മലയാളി സന്‍വറൂദ് വക്കം സംവിധാനം ചെയ്ത കട്ടുറുമ്പിന്റെ സ്വര്‍ഗ്ഗം പ്രേമേയമാക്കിയിരിക്കുന്നത്.

വാര്‍ത്തയും ഫോട്ടോയും : ജോബി ആന്റണി