വെംബ്ലി: യു.കെ.യില്‍ രണ്ടാം മലയാളി കുടിയേറ്റത്തിന്റെ ആദ്യകാലഘട്ടത്തില്‍ ആല്മീയ-അജപാലന ശുശ്രുഷകള്‍ക്കായി വെസ്റ്റമിന്‍സ്റ്റര്‍ കത്തോലിക്കാ അതിരൂപതയുടെ ക്ഷണപ്രകാരം ലണ്ടനില്‍ എത്തുകയും, ഉത്തുംഗ അജപാലന ശുശ്രുഷകള്‍ക്കുള്ള അംഗീകാരമായി താന്‍ പ്രതിനിധാനം ചെയ്യുന്ന സിഎംഐ കോണ്‍ഗ്രിഗേഷനുവേണ്ടി യു കെ യിലെ ഏറ്റവും വലിയ കത്തോലിക്കാ സമൂഹത്തിന്റെ ഇടവക ആസ്ഥാനമായ വെംബ്ലി സെന്റ് ജോസഫ്‌സ് റോമന്‍ കത്തോലിക്കാ ദേവാലയ ഭരണച്ചുമലയേറ്റ് ഒന്നര പതിറ്റാണ്ടിന്റെ നിസ്തുല സേവനത്തിനു ശേഷം ഫാ.ജോണ്‍ മേനോങ്കരി വിശ്രമ ജീവിതം നയിക്കുവാന്‍ കേരളത്തിലേക്ക് മടങ്ങുന്നു.
ചങ്ങനാശ്ശേരി അതിരൂപതയില്‍ ഐക്കരചിറ ഇടവകയില്‍ മെനോന്‍കരി ഭവനത്തില്‍ 1941 ജുലൈ 5 നു ജനിച്ച ഫാ.ജോണ്‍ സി.എം.ഐ.കോണ്‍ഗ്രിഗേഷനില്‍ 1968 മെയ് മാസം 19 നു പൗരോഹിത്യ വ്രതം സ്വീകരിച്ചു. പില്‍ക്കാലത്തു സഭയുടെ പ്രിയോര്‍ ജനറല്‍ പദവി വരെ ഉയര്‍ന്ന അച്ചന്‍ എംബിഎ ബിരുദം അമേരിക്കയില്‍ നിന്നും നേടുകയും പിന്നീട് പി എച്ച് ഡി കരസ്ഥമാക്കുകയും ചെയ്തു.
സഭ ഏല്പ്പിച്ച വിവിധങ്ങളായ ഉത്തരവാദിത്വങ്ങള്‍ സ്തുത്യര്‍ഹമായി നിര്‍വ്വഹിക്കവെ ലണ്ടനിലേക്ക് പുതിയ ദൗത്യവുമായി നിയോഗിച്ചപ്പോള്‍ വൈദികന്റെ ആകസ്മിക അഭാവത്തില്‍ ഇംഗ്‌ളണ്ടിലെ സ്റ്റീവനേജില്‍ ആദ്യ അജപാലന ശുശ്രുഷ തുടങ്ങി. തത്സമയം സ്റ്റീവനേജില്‍ മലയാളം കുര്‍ബ്ബാനക്കും തുടക്കമിട്ടു.
മേനോന്‍കരി അച്ചന്റെ അജപാലന ശുശ്രുഷകളുടെ 40 ഉം 50 ഉം ജൂബിലികള്‍ ഏറെ വിപുലമായി ആഘോഷിച്ച അതെ സമൂഹം വമ്പിച്ച ആഘോഷമായാണ് തന്റെ റിട്ടയര്‍മെന്റും യാത്രയയപ്പും ഒരുക്കിയത്. ബിഷപ്പുമാര്‍, മേയര്‍, വൈദികര്‍, സന്യസ്തര്‍ അടക്കം നിരവധി ആളുകള്‍ യാത്രയപ്പ് ചടങ്ങിലും ശുശ്രുഷകളിളും പങ്കു ചേര്‍ന്നിരുന്നു.
ജോണ്‍ അച്ചനോടൊപ്പം 9 വര്‍ഷങ്ങളായി അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഫാ ജോസഫ് കടുത്താനം സിഎംഐ പുതിയ വികാരിയായി സ്ഥാനമേറ്റു. ഫാ. ജോസഫ് ഒഴുകയില്‍ സിഎംഐ (മുന്‍ കെ ഇ കോളേജ് മാന്നാനം പ്രിന്‍സിപ്പല്‍) അസിസ്റ്റന്റ് പാരീഷ് പ്രീസ്റ്റായും, ഫാ ടെബിന്‍ ഫ്രാന്‍സീസ് സീറോ മലബാര്‍ മാസ്സ് സെന്ററിന്റെ സ്പിരിച്വല്‍ ഡയറക്ടറായും തുടരും.
കുമരകത്തിനടുത്തു ചീര്‍പ്പുങ്കല്‍ സിഎംഐ കേന്ദ്രത്തില്‍ തന്റെ ശിഷ്ഠ ജീവിതം പ്രാര്‍ത്ഥനയിലും ധ്യാനത്തിലും വിശ്വാസ പ്രവര്‍ത്തനങ്ങളിലുമായി ചിലവഴിക്കുവാനാണ് ജോണ്‍ അച്ചന്‍ ആഗ്രഹിക്കുന്നത്.
വെംബ്ലിയുടെ അജപാലകനും സീറോ മലബാര്‍ സഭയുടെ അഭിമാനവുമായ ജോണ്‍ മേനോന്‍കരി അച്ചന്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ ദൈവം അദ്ദേഹത്തിന് ആയുസും ആരോഗ്യവും നല്‍കി അനുഗ്രഹിക്കട്ടെ.