ദുരിത കാലത്ത് കേരളത്തിന് കൈതാങ്ങാകുവാന്‍ ബിരിയാണി മേളകളും ഭഷ്യമേളകളുമായി സമീക്ഷ യുകെയുടെ വിവിധ ബ്രാഞ്ചുകള്‍ മുന്നോട്ടു പോവുകയാണ്. ഇതിലൂടെ സമാഹരിക്കുന്ന തുക കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.

ബര്‍മിംഗ്ഹാം സമീക്ഷ ബ്രാഞ്ച് ഈ മാസം 19 നു നടത്തുന്ന ബിരിയാണിമേളയിലേക്ക് ബുക്കിംഗ് നടന്നു വരുന്നു. സമീക്ഷ പ്രവര്‍ത്തകര്‍ എല്ലാവരും സജീവമായി രംഗത്തുണ്ട്. ദേശത്തിനും ഭാഷക്കും രാഷ്ട്രീയത്തിനും അതീതമായി വളരെ നല്ല പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ലഭിക്കുന്നതെന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സമീക്ഷയുടെ ബ്രാഞ്ച് പ്രസിഡന്റ് ജോബി കോശിയും സെക്രട്ടറി മാര്‍ട്ടിന്‍ ജോസും അറിയിച്ചു. സമീക്ഷ പീറ്റര്‍ബോറോ & ബോസ്റ്റണ്‍ ബ്രാഞ്ചില്‍ ഈ മാസം 20 നു ആകും ബിരിയാണിമേള നടക്കുക. ഉച്ചക്ക് ഒരുമണി മുതല്‍ വൈകീട്ട് ആറുമണി വരെയാകും വിതരണം നടക്കുക. ബ്രാഞ്ച് പ്രസിഡന്റ് ബാബു, സെക്രട്ടറി ചിഞ്ചു, ഭാസ്‌കര്‍ പുരയില്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

ബ്രിസ്റ്റോള്‍ & വെസ്റ്റണ്‍ സൂപ്പര്‍ മെയറിലെ സമീക്ഷ ബ്രാഞ്ചിലും 20 നു തന്നെ ആണ് ബിരിയാണിമേള. സമീക്ഷയുടെ ബ്രാഞ്ച് ഭാരവാഹികളായ ജാക്സണ്‍, ജിമ്മി, ബിജു, ജോണ്‍സന്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജന്മനാടിനു തങ്ങളാല്‍ കഴിയുന്ന സഹായം നല്‍കുവാന്‍ മുന്നിട്ടിറങ്ങിയ സമീക്ഷ പ്രവര്‍ത്തകര്‍ക്ക് നല്ല പിന്തുണയാണ് ജനങ്ങളില്‍ നിന്നും ലഭിച്ചുവരുന്നത്. ബിരിയാണി മേള നടത്തിയ എല്ലാ സ്ഥലങ്ങളിലും ലഭിച്ച പിന്തുണ ഇതിനു തെളിവാണ്. കഴിഞ്ഞ ആഴ്ച മാഞ്ചസ്റ്ററില്‍ നടന്ന ബിരിയാണി മേളയില്‍ 650 ഓളം ബിരിയാണി ആണ് സമീക്ഷ പ്രവര്‍ത്തകര്‍ വിതരണം ചെയ്തത്. ജന്മനാടിനായി സമീക്ഷ പ്രവര്‍ത്തകര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് കേരളത്തിലെ പല രാഷ്ട്രീയ സാംസ്‌കാരിക നായകരും അഭിനന്ദനം അറിയിച്ചിട്ടുണ്ടെന്ന് സമീക്ഷ യുകെ നാഷണല്‍ പ്രസിഡന്റ് സ്വപ്ന പ്രവീണ്‍ അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : ഉണ്ണികൃഷ്ണന്‍ ബാലന്‍