കോവിഡ് മഹാമാരിയില്‍ ബുദ്ധിമുട്ടുന്ന ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ യുകെയിലെ ഇടതുപക്ഷ കലാസാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. ഭക്ഷ്യകിറ്റുകളുടെ വിതരണോദ്ഘാടനം ആലപ്പുഴ സാംസ്‌കാരിക കേന്ദ്രമായ കുമ്മാടിയില്‍ പി.പി.ചിത്തരഞ്ജന്‍ എംഎല്‍എ നിര്‍വഹിച്ചു. ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഇന്ദു ടീച്ചര്‍, സിപിഎം ആലപ്പുഴ ഏരിയ സെക്രട്ടറി വി ബി അശോകന്‍, കൗണ്‍സിലര്‍ മോനിഷ ശ്യാം, കൗണ്‍സിലര്‍ ഡോ:ലിന്റ ഫ്രാന്‍സിസ്, കൗണ്‍സിലര്‍മാരായ ജ്യോതി പ്രകാശ്, ജാസ്മിന്‍ ബിജു എന്നിവര്‍ പങ്കെടുത്തു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്‌സിന്‍ ചലഞ്ചിനായി ബിരിയാണിമേളയിലൂടെയും മറ്റും പണം സമ്പാദിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ഒരു മാസക്കാലമായി സമീക്ഷ യുടെ ബ്രാഞ്ചുകളില്‍ നടന്നു വരികയാണ്. അതിനിടയിലാണ് ആലപ്പുഴയില്‍ നിന്നും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സമീക്ഷ നേതൃത്വത്തെ സമീപിക്കുന്നത്. ഉടന്‍തന്നെ സമീക്ഷ ഈ ആവിശ്യം ഏറ്റെടുത്തു, നൂറോളം കുടുംബങ്ങള്‍ക്കു ഭഷ്യ കിറ്റിനാവശ്യമായ തുക ഒരാഴ്ചക്കുള്ളില്‍ കണ്ടെത്തി നല്‍കി. ഡിവൈഎഫ്‌ഐയുടെ ടിവി ചലഞ്ച് ഏറ്റെടുത്ത് കഴിഞ്ഞ വര്‍ഷം സമീക്ഷ 100 ഓളം ടിവികളും കേരളത്തിന്റെ വിവിധ ഭാഗംകളില്‍ വിതരണം ചെയ്തിരുന്നു. കൂടാതെ രണ്ടാം പ്രളയ കാലത്തു 14 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ എത്തിക്കാനും സമീക്ഷ യുകെക്കു കഴിഞ്ഞു. ഇതിലും വലിയ ഒരു തുക ലക്ഷ്യം വെച്ചാണ് സമീക്ഷ പ്രവര്‍ത്തകര്‍ യുകെ യുടെ വിവിധ മേഖലകളില്‍ ബിരിയാണിമേളയും മറ്റും നടത്തി വരുന്നത്. പിറന്ന നാടിന് എന്നും കൈത്താങ്ങായി സമീക്ഷ യുകെ കൂടെ ഉണ്ടാകും എന്ന്‌സമീക്ഷ യുകെ നാഷണല്‍ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി പറഞ്ഞു.

വാര്‍ത്തയും ഫോട്ടോയും : ഉണ്ണികൃഷ്ണന്‍ ബാലന്‍