കോവിഡ് 19 ബാധയെത്തുടര്‍ന്ന് കഷ്ടപ്പെടുന്നവര്‍ക്ക് സാന്ത്വനമേകാനും അവര്‍ക്കു വേണ്ട സഹായങ്ങളും വിവരങ്ങളും നല്‍കുവാനുമായി സമീക്ഷ യുകെ പ്രഗത്ഭരെ ഉള്‍പ്പെടുത്തി കമ്മ്യൂണിറ്റി ഹെല്‍പ്ഡെസ്‌ക് രൂപീകരിച്ചു.

കോവിഡ് 19 രോഗത്തെക്കുറിച്ച് മലയാളി സമൂഹത്തിനുള്ള സംശയങ്ങള്‍ പരിഹരിക്കുന്നതിനും അവരെ NHS നിര്‍ദ്ദേശിക്കുന്ന ശരിയായ വിവരങ്ങളിലേക്കു നയിക്കാനും വേണ്ടി ആരോഗ്യരംഗത്തുള്ള വിദഗ്ധര്‍ ഉള്‍പ്പെടുന്നതാണ് സമീക്ഷയുടെ മെഡിക്കല്‍ ഹെല്‍പ്ഡെസ്‌ക്..

ലോക്ക്ഡൗണ്‍ മൂലം കഷ്ടതകള്‍ അനുഭവിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിസമൂഹത്തിനു വേണ്ട സഹായങ്ങളും ഉപദേശങ്ങളും നല്‍കാന്‍ ഒരു പ്രത്യേക ടീം ആണ് തയ്യാറായിട്ടുള്ളത്.

ഫൈനാന്‍സ്, ലീഗല്‍, പാരന്റല്‍ ആന്‍ഡ് ചൈല്‍ഡ് കെയര്‍ തുടങ്ങിയ മേഖലകളിലും സ്നേഹപൂര്‍ണമായ ഉപദേശനിര്‍ദേശങ്ങളുമായി സമീക്ഷയുടെ ഹെല്‍പ് ലൈന്‍ 24 മണിക്കൂറും തുറന്നിരിക്കുന്നതായിരിക്കും.

യുകെ യുടെ എല്ലാ പ്രവിശ്യകളിലുമായി 24 ബ്രാഞ്ചുകള്‍ ഉള്ള വളരെ വിപുലമായ നെറ്റ്വര്‍ക്ക് ആണ് സമീക്ഷയ്ക്കുള്ളത്. ഈ വിഷമകരമായ ഘട്ടത്തില്‍ മലയാളി സമൂഹത്തിനു കൈത്താങ്ങായി സമീക്ഷ പ്രവര്‍ത്തകര്‍ ഉണ്ടാവുമെന്നും, സമീക്ഷയുടെ ഹെല്‍പ് ലൈന്‍ മുഴുവന്‍ സമയവും സഹായത്തിനുണ്ടാവുമെന്നും സമീക്ഷ ദേശിയ സമിതിക്കു വേണ്ടി പ്രസിഡന്റ് സ്വപ്ന പ്രവീണ്‍ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളില്‍ എന്നിവര്‍ അറിയിച്ചു.

വാര്‍ത്ത അയച്ചത് : ബിജു ഗോപിനാഥ്