ന്യുഹാം: ലണ്ടനില്‍ ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ പൊങ്കാല ആഘോഷിച്ചു. വനിതകളുടെ ശക്തികേതമായ ആറ്റുകാലമ്മക്ക്  പൊങ്കാലയര്‍പ്പിക്കുവാന്‍ കനത്ത മഞ്ഞു വീഴ്ചയും, ഗതാഗത കുരുക്കും, അതിശൈത്യവും വകവെക്കാതെ നൂറു കണക്കിനു ദേവീ ഭക്തരാണ് ന്യു ഹാമിലെ ശ്രീ മുരുകന്‍ ക്ഷേത്രത്തിലെത്തിയത്. ലണ്ടനില്‍ വനിതകളുടെ സാംസ്‌കാരിക-സാമൂഹ്യ-ക്ഷേമ-വികസന ഉന്നമനത്തിനായി രൂപം കൊടുത്ത 'ബ്രിട്ടീഷ് ഏഷ്യന്‍ വിമന്‍സ് നെറ്റ്വര്‍ക്ക്' ആണ്  യു കെ യിലുള്ളവര്‍ക്കും പൊങ്കാല അര്‍പ്പിക്കുവാനായി അവസരം ഒരുക്കുന്നത്.  
 
ലണ്ടനിലെ നാനാ ഭാഗത്തു നിന്നും എത്തിയ ദേവീഭക്തോരോടൊപ്പം കെന്റ്, എസ്സെക്‌സ്, സറേ, സ്റ്റീവനേജ്, ബര്‍മിങ്ങാം, ഓക്‌സ്‌ഫോര്‍ഡ്,കോവന്‍ട്രി, ലെസ്റ്റര്‍ തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ നിന്നുമായി നിരവധി വനിതകള്‍ പൊങ്കാലയില്‍ പങ്കു ചേര്‍ന്നു.

പൊങ്കാലയുടെ ഭാഗമായി നടത്തുന്ന പതിവ് അന്നദാനങ്ങളെ വ്യത്യസ്തമാക്കി വേറിട്ട അനുഭവമാണ് ഈ വര്‍ഷം നടന്നത്. മോശമായ കാലാവസ്ഥയില്‍ പോലും ഉത്സാഹപൂര്‍വ്വം ഭക്ഷണം തയ്യാറാക്കി കൊണ്ട് വന്നു മനം നിറയെ വിളമ്പി നല്‍കികൊണ്ട് ഈസ്റ്റ് ഹാമിലെ മലയാളി ഹോട്ടലുകള്‍ മത്സരിച്ച് 'രുചിയുടെ കലവറ' ഒരുക്കി. കേരള തനിമയില്‍ ഒരുക്കിയ വിഭവ സമൃദ്ധമായ സദ്യയും, മണ്ട പുറ്റ്, പെരളി അപ്പം, പാല്‍പ്പായസം, പൊങ്കാല പായസം തുടങ്ങിയ വിശിഷ്ട വിഭവങ്ങളും ഒരുക്കിയിരുന്നു.

ഏഷ്യന്‍ വുമണ്‍സ് നെറ്റ്ന്നവര്‍ക്കിന്റെ ആനുകാലിക സേവന പ്രവര്‍ത്തനങ്ങളില്‍ എന്നും ഒപ്പം നിന്ന് പ്രോത്സാഹനവും, സഹകരണവും നല്‍കി പോരുന്ന 'സ്വയം പ്രോപ്പര്‍ട്ടീസ്' എം ഡി ഷീബാ കുമാര്‍ ആണ്  ഈ വര്‍ഷവും പൊങ്കാലയുടെ വിജയത്തിനു പിന്‍ബലം നല്‍കിയത് എന്ന് ഡോ. ഓമന നന്ദിപൂര്‍വ്വം അനുസ്മരിച്ചു. 

വാര്‍ത്ത അയച്ചത് : അപ്പച്ചന്‍ കണ്ണഞ്ചിറ