വിയന്ന: പ്രവാസി മലയാളി ഫെഡറേഷന്‍ ഓസ്ട്രിയ നാഷണല്‍ കമ്മിറ്റിയെ ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഫിലോമിന നിലമ്പൂര്‍, ജന.സെക്രട്ടറി ബേബി വട്ടപ്പിള്ളി, ട്രഷറര്‍ ജോര്‍ജ് പടിക്കകുടി എന്നിവരെയും എക്‌സിക്യൂട്ടീവ് അംഗങ്ങളായി സാജന്‍ പട്ടേരി, അബ്രഹാം കുരുട്ടുപറമ്പില്‍, ജോസ് തോമസ് നിലമ്പൂര്‍ എന്നിവരെയും തിരഞ്ഞെടുത്തു.

പ്രസിഡന്റ് ഫിലോമിനയുടെ നേതൃത്വത്തിലായിരിക്കും ഓസ്‌ട്രേലിയന്‍ പ്രവാസി മലയാളി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുകയെന്ന് പി.എം.എഫ്. ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍ പറഞ്ഞു. ഓസ്ട്രിയയില്‍ പ്രവാസികളായി കഴിയുന്ന മലയാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പഠിച്ചു പരിഹാരം കണ്ടെത്തുന്നതിനും അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും പ്രയത്‌നിക്കുമെന്ന് ഫിലോമിന പറഞ്ഞു. പുതുതായി നിയോഗിക്കപ്പെട്ട ഭാരവാഹികളെ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ.ജോസ് കാനാട്ട്, ഗ്ലോബല്‍ പ്രസി.എം.പി.സലീം, ജന.സെക്രട്ടറി ജോണ്‍ വര്‍ഗീസ്, അമേരിക്കന്‍ കോര്‍ഡിനേറ്റര്‍ ഷാജി രാമപുരം എന്നിവര്‍ അഭിനന്ദിച്ചു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍