ബെര്‍ലിന്‍:  ജര്‍മനിയില്‍ കഴിഞ്ഞ വര്‍ഷം 2016 ജൂലായ് 01 മുതല്‍ വര്‍ദ്ധിപ്പിച്ച പെന്‍ഷന്‍ ഈ വര്‍ഷം 2017, ജൂലായ് 01 മുതല്‍ വീണ്ടും വര്‍ദ്ധിപ്പിക്കുന്നു. പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ പെന്‍ഷന്‍ തുകയുടെ വര്‍ദ്ധനവ് 1.9 ശതമാനവും, കിഴക്കന്‍  സംസ്ഥാനങ്ങളിലെ വര്‍ദ്ധനവ് 3.59 ശതമാനവുമാണ്. ഇതനുസരിച്ച്  പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ 1000 യൂറോ പെന്‍ഷന്‍ ലഭിക്കുന്ന ഒരാള്‍ക്ക് 19 യൂറോ കൂടുതലും, കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 1000 യൂറോ പെന്‍ഷന്‍ ലഭിക്കുന്ന ഒരാള്‍ക്ക് 35.90 യൂറോ കൂടുതലും ലഭിക്കും. ഈ വര്‍ഷത്തെ പുതിയ വര്‍ദ്ധനവില്‍ കിഴക്കന്‍  സംസ്ഥാനങ്ങളിലെ പെന്‍ഷന്‍ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ പെന്‍ഷന്‍ തുകയുടെ 95.7 ശതമാനമായി ഉയര്‍ത്തി. 

അടുത്ത വര്‍ഷം 2018 ല്‍ കിഴക്കന്‍ സംസ്ഥാനങ്ങളിലെ പെന്‍ഷന്‍ തുക പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ പെന്‍ഷന്‍ തുകയും ഒന്നായിരിക്കുമെന്ന് ജര്‍മന്‍ സോഷ്യല്‍ മിനിസ്റ്റര്‍ അന്‍ഡ്രിയാ നോളസ് പറഞ്ഞു. ജര്‍മനിയിലെ ആദ്യകാല പ്രവാസികളില്‍ 95 ശതമാനത്തിലേറെ പെന്‍ഷന്‍ ആസ്വദിക്കുന്ന ഈ സമയത്ത് പെന്‍ഷന്‍ വര്‍ദ്ധനവ് വളരെയേറെ ആശ്വാസപ്രദമാണ്. അതുപോല ജര്‍മനിയില്‍ പെന്‍ഷന്‍ ആയ ശേഷം വീട്ടില്‍ വച്ച് പാര്‍ട്ട് ടൈം ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ ജോലി ചെയ്യുന്ന മുറിയുടെ ചിലവ് നികുതി ഇളവ് ആയി ലഭിക്കും. എന്നാല്‍ ഈ പാര്‍ട്ട് ടൈം ജോലിയില്‍ നിന്നും വരുമാനം ഉണ്ടായിരിക്കണം.

വാര്‍ത്ത അയച്ചത് : ജോര്‍ജ് ജോണ്‍