പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത മൈഗ്രന്റ്സ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ഗ്രേറ്റ് ബ്രിട്ടനിലുള്ള വിവിധ യൂണിവേഴ്‌സിറ്റികളില്‍ പഠനത്തിനായി എത്തിയിരിക്കുന്ന സഭയില്‍പെട്ട  വിദ്യാര്‍ത്ഥി കള്‍ക്കായി 'പേള്‍ ഗാലാ'  സംഗമം ഓശാന ഞായാറാഴ്ചയായ മാര്‍ച്ച് 28 ന് നടക്കും.  സൂം മീറ്റിംഗിലൂടെ സംഘടിപ്പിക്കുന്ന സംഗമം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 7 മണിമുതല്‍ 9 മണിവരെയായിരിക്കും സംഗമം ഉണ്ടായിരിക്കുക. സംഗീതജ്ഞനും യുവജന പരിശീലന രംഗത്ത് ഏറെ മികവ് തെളിയിച്ചിട്ടുമുള്ള റോമില്‍ നിന്നുമുള്ള ഫാ.ബിനോജ് മുളവരിക്കല്‍ ആണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. സഭയുടെ അവിഭാജ്യഘടകമായ യുവതീയുവാക്കള്‍ അവരുടെ ഭാവിജീവിതം കരുപ്പിടിപ്പിക്കാനുള്ള പ്രയാണത്തില്‍ ആല്‍മീയവും ഭൗതികവുമായ കാര്യങ്ങളില്‍ മാര്‍ഗ്ഗനിര്‍ദേശങ്ങളും സഹായവും നല്‍കുന്നതിനായി ഒരുക്കിയിട്ടുള്ളതാണ് 'പേള്‍ ഗാലാ' സംഗമം. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മൈഗ്രന്റ്സ് കമ്മീഷന്‍, യൂത്ത് കമ്മീഷന്‍, ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് സംഗമം നടക്കുന്നതെന്ന് മൈഗ്രന്റ്സ്  കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ആന്‍ഡ്രൂസ് ചെതല ന്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : migrantsgb@csmegb.org