കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ വി ഷാള്‍ ഓവര്‍കം ഈ ഓണനാളുകളില്‍ മെഗാ ഓണാഘോഷ പരിപാടികളാണ്  ഒരുക്കിയിരിക്കുന്നത്. ആദ്യ ദിനമായ ഓഗസ്റ്റ് 29 ശനിയാഴ്ച്ച പൂരാടം ദിനത്തില്‍ യുകെയിലെ പ്രമുഖ മ്യൂസിക് ബാന്‍ഡും സംഘാടകരുമായ 7 ബീറ്റ്‌സ് അവതരിപ്പിക്കുന്ന 'ഓണം പൊന്നോണം' മ്യൂസിക്കല്‍ ലൈവ്. 

ഓണം പൊന്നോണം നമ്മള്‍ക്കായി സമര്‍പ്പിക്കുന്നത് 7 ബീറ്റ്‌സ് ഗായകരായ ജോമോന്‍ മാമ്മൂട്ടില്‍, മനോജ് തോമസ്, ഡോ:കാതറീന്‍ ജെയിംസ്, ഡെന്ന ആന്‍ ജോമോന്‍, ആന്റോ ബാബു എന്നിവരാണ്. ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് യുകെ സമയം രണ്ടുമണിമുതല്‍ (ഇന്ത്യന്‍ സമയം 6:30) WE SHALL OVERCOME പേജില്‍ 'ഓണം പൊന്നോണം' ആസ്വദിക്കാന്‍ എല്ലാവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

രണ്ടാം ദിവസമായ ആഗസ്റ്റ് 30 ഞായറാഴ്ച്ച ഉത്രാട നാളില്‍ യുകെയിലെ വിവിധ അസോസിയേഷനുകളില്‍ നിന്നുള്ള ഗായകരും, നര്‍ത്തകരും, മറ്റു കലാ പ്രവര്‍ത്തകരും ചേര്‍ന്നവതരിപ്പിക്കുന്ന വ്യത്യസ്തങ്ങളായ കലാപരിപാടികള്‍ 'പൂവിളി പൂവിളി പൊന്നോണമായി'. കൊച്ചിന്‍ കലാഭവന്‍ സെക്രട്ടറിയും മിമിക്രി താരവുമായ കെ എസ് പ്രസാദ് മുഖ്യാതിഥിയായി പങ്കെടുക്കും.

യുകെയിലെ പ്രശസ്ത നര്‍ത്തകി മഞ്ജു സുനിലും സംഘവും ലാസ്യ ബീറ്റ്സ് റെഡിങ്ങിന്റെ ബാനറില്‍ അവതരിപ്പിക്കുന്ന തിരുവാതിര, മഹാകവി ഒഎന്‍വി കുറുപ്പിന്റെ കൊച്ചുമകളും നര്‍ത്തകിയുമായ ആമി ജയകൃഷ്ണന്‍ അവതരിപ്പിക്കുന്ന നൃത്തം. മോഹിനിയാട്ടത്തെ നര്‍ത്തകിയായ ഗോപിക വര്‍മ്മയുടെ ശിഷ്യയും അറിയപ്പെടുന്ന മോഹിനിയാട്ടം നര്‍ത്തകിയുമായ മെറി  ജോസ് അവതരിപ്പിക്കുന്ന മോഹിനിയാട്ടം, ലണ്ടനില്‍ നിന്നുള്ള വിനീത് പിള്ള അവതരിപ്പിക്കുന്ന കഥകളി, ശ്യാമ സ്റ്റാലിന്‍, ദീപ്തി രാഹുല്‍, തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന സെമി ക്ലാസിക്കല്‍ ഡാന്‍സ്, യുകെയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളിലൊന്നായ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ അംഗങ്ങളും ഗായകരുമായ സിബി ജോസഫ്, രഞ്ജിത്ത് ബാലകൃഷ്ണ, മനോജ് വേണുഗോപാല്‍, ബിനുമോന്‍ കുര്യാക്കോസ്, അജി ഡേവിഡ്, സതീഷ് ജോയി, ചിത്രാ ബെന്നി, റിനി റോയി, ശരണ്യ ആനന്ദ്, ഫ്‌ലോറെന്‍സ് ഫെലിക്‌സ്, ബിന്ദു സോമന്‍ തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന ഓണപ്പാട്ടുകളും, വഞ്ചിപ്പാട്ടുകളും. മാവേലി വരവ്, യുക്മാ സ്റ്റാര്‍ സിംഗര്‍ മത്സരത്തിലൂടെ യുകെയുടെ വാനമ്പാടിയായി മാറിയ അനു ചന്ദ്ര, ഗ്ലാസ്‌ഗോയില്‍ നിന്നുള്ള ഗായിക ഡോ: സവിത മേനോന്‍ തുടങ്ങിയവരും ഈ മെഗാ ഓണാഘോഷ പരിപാടികളില്‍ പങ്കുചേരുന്നു. നര്‍ത്തകിയും അവതാരികയുമായ ദീപാ നായരാണ് 'പൂവിളി പൂവിളി പൊന്നോണമായി' പരിപാടി അവതരിപ്പിക്കുന്നത്. ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് യുകെ സമയം രണ്ടു മണിക്കാണ് പരിപാടി ആരംഭിക്കുന്നത്.

മൂന്നാം ദിവസമായ തിങ്കളാഴ്ച്ച തിരുവോണനാളില്‍ പുത്തന്‍ സിനിമ വിശേഷങ്ങളുമായി 
'തിരുവോണം സ്‌പെഷ്യല്‍ ലൈവില്‍ എത്തുന്നത് മലയാള സിനിമയെ ആദ്യമായി നൂറുകോടി ക്ലബ്ബില്‍ എത്തിച്ച സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂരാണ്, സിനിമ രംഗത്തെ പുത്തന്‍ വിശേഷങ്ങളും വര്‍ത്തമാനങ്ങളുമായി കുറച്ചു നേരം ആന്റണി പെരുമ്പാവൂരിനോടൊപ്പം പങ്കിടാം. തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് യുകെ സമയം രണ്ടുമണിക്ക് (ഇന്ത്യന്‍ സമയം 6:30 പിഎം).