വാറിംഗ്ടണ്‍: വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്റെ മൂന്നാമത് വാര്‍ഷികവും, ഈസ്റ്റര്‍ - വിഷു ആഘോഷങ്ങളും വര്‍ണാഭമായി ആഘോഷിച്ചു. ഇക്കഴിഞ്ഞ വിഷുദിനത്തില്‍ നടന്ന ആഘോഷങ്ങളില്‍ വാര്‍ഷിക പൊതുയോഗവും, കൂടാതെ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. 

ഏപ്രില്‍ 15 ന് ഉച്ചകഴിഞ്ഞ് 4 മണിക്ക് പ്രസിഡന്റ് പ്രമീള ജോജോയുടെ അധ്യക്ഷതയില്‍ യോഗം ആരംഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് സെക്രട്ടറി സുരേഷ് നായരും, കണക്കുകള്‍ എബി തോമസും അവതരിപ്പിച്ചു. അതിനു ശേഷം നടന്ന പൊതുചര്‍ച്ചകള്‍ക്കുശഷം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി സുരേഷ് നായരെ തിരഞ്ഞെടുത്തു. ജോബി സൈമണ്‍ ആണ് പുതിയ സെക്രട്ടറി. ട്രഷററായി ദീപക് ജേക്കബിനെയും തിരഞ്ഞെടുത്തു. ദീപാ എബി (വൈസ് പ്രസിഡന്റ്), ബിജു ജോയ് (ജോയിന്റ് സെക്രട്ടറി), റിജോ വര്‍ഗീസ് (ഓഡിറ്റര്‍), ആദര്‍ശ് ബിജു (യൂത്ത് പ്രതിനിധി) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

പൊതു സമ്മേളനം യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് ഷീജോ വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. വിശിഷ്ടാതിഥിയായി എത്തി ചേര്‍ന്ന എത്തിനിക് അസോസിയേഷന്‍ ചെയര്‍മാന്‍ ഹസ്സന്‍ ഖാസി കഴിഞ്ഞ വര്‍ഷങ്ങളില്‍ മലയാളി സമൂഹം വാറിംഗ്ടണ്‍ കൗണ്‍സിലുമായി സഹകരിച്ചു നടത്തിയ മേളകളെയും, കൈവരിച്ച നേടങ്ങളേയും പരാമര്‍ശിച്ച് സമൂഹത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ച്, സ്ഥാനങ്ങള്‍ കൈമാറി പഴയ കമ്മിറ്റിക്ക് വേണ്ടി തോമസ് ചാക്കോ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് അസോസിയേഷന്‍ അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും ദേശി നാച്ചിന്റെ ഫ്യൂഷന്‍ ഡാന്‍സും ഗാനമേളയും പരിപാടിക്ക് കൂടുതല്‍ ചാരുത നല്‍കി. പങ്കെടുത്ത മുഴുവന്‍ കൂട്ടികള്‍ക്കും വിഷുകൈനീട്ടം നല്‍കി രാത്രി പത്തു മണിയോടെ പരിപാടികള്‍ക്ക് തിരശ്ശീല വീണു.

വാര്‍ത്ത അയച്ചത് : അലക്‌സ് വര്‍ഗീസ്‌