റോം: അപ്രതീക്ഷിതമായി ഇറ്റാലിയന്‍ ന്യൂസ് ചാനലുകള്‍ പതിവിലും വിപരീതമായി അപ്രതീക്ഷിതമായി ഇന്നലെ വൈകീട്ട് ഫ്രാന്‍സിസ് പാപ്പായുടെ വീഡിയോ മെസ്സേജ് സംപ്രേഷണം ചെയ്തു. 

ഭവനങ്ങളില്‍ അത്താഴ മേശയിലായിരുന്ന ആയിരങ്ങള്‍ ഭക്ഷണം കഴിക്കുന്നത് നിര്‍ത്തി തങ്ങളുടെ പ്രിയപ്പെട്ട പാപ്പയുടെ വാക്കുകള്‍ക്ക് വേണ്ടി കാതോര്‍ത്തു... പലരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു.

ലോകം മുഴുവനിലുമുള്ള വിശ്വാസികള്‍ക്കായ് ഫ്രാന്‍സിസ് പാപ്പ നല്‍കിയ സന്ദേശം താഴെ:

മാര്‍പ്പാപ്പ: 'നമ്മള്‍ ഒറ്റപ്പെട്ടുപോയെങ്കിലും വിശാലമായ സ്‌നേഹത്താല്‍ പരസ്പരം സഹായിക്കാം...'

പ്രിയ സുഹൃത്തുക്കളെ 'ബോണ സേര' (ഗുഡ് ഈവനിങ്ങ്) പതിവിലും വിപരീതമായി ഈ സായാഹ്നത്തില്‍ എനിക്ക് നിങ്ങളുടെ ഭവനങ്ങളിലേക്ക് കടന്നുവരുവാനുള്ള ഒരു അവസരമായ് ഞാന്‍ ഇതിനെ കാണുന്നു. നിങ്ങള്‍ എന്നെ അനുവദിക്കുകയാണെങ്കില്‍ എനിക്ക് അല്പനേരം നിങ്ങളോട് സംസാരിക്കാന്‍ ആഗ്രഹമുണ്ട്. കൊറോണയെ അതിജീവിക്കുവാനായി സഹനത്തിന്റെയും കഷ്ടപ്പാടിന്റെയും ഏകാന്തതയില്‍ക്കൂടെ കടന്നു പോകുന്ന ഈ ദിനങ്ങളില്‍ നിങ്ങളുടെ ഭവനങ്ങളില്‍ സ്‌കൂളില്‍ പോകാന്‍ സാധിക്കാത്ത കുട്ടികളുടെയും, തങ്ങളുടെ ജീവിതശൈലികളിലേക്ക് തിരിച്ചു പോകാനാവാതെ ബുദ്ധിമുട്ടുന്ന കൗമാരപ്രായക്കാരുടെയും പ്രശ്നങ്ങൾ എനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നുണ്ട്. എല്ലാ കുടുംബങ്ങളെയും, പ്രത്യേകിച്ച് കൊറോണ ബാധിച്ച് രോഗശയ്യയില്‍ ആയിരിക്കുന്നവരെയും, ഈ പകര്‍ച്ചവ്യാധി ബാധിച്ച് മരണമടഞ്ഞ നിരവധി വ്യക്തികളെയും, അവരുടെ വേര്‍പാടില്‍ വേദനിക്കുന്ന പ്രിയപ്പെട്ടവരെയും ഞാന്‍ എന്റെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുന്നു.

ഈ ദിവസങ്ങളില്‍ എപ്പോഴും എന്റെ ഓര്‍മ്മയില്‍ കടന്നുവരുന്നത് ആരും തുണയില്ലാതെ വിഷമിക്കുന്ന വ്യക്തികളാണ്. വളരെ ബുദ്ധിമുട്ടുള്ള ഒരു യാഥാര്‍ത്ഥ്യത്തിലൂടെയാണ് അവര്‍ കടന്ന് പോയ്‌ക്കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ട വൃദ്ധജനങ്ങള്‍... അതുപോലെതന്നെ എനിക്ക് മറക്കാന്‍ പറ്റാത്ത ചിലരാണ് കൊറോണ ബാധിച്ച് ആശുപത്രിയില്‍ കഴിയുന്നവരും, അവരെ ശുശ്രൂഷിക്കാന്‍ രാവും പകലും കഠിനാധ്വാനം ചെയ്യുന്ന അനേകം ഡോക്ടര്‍മാരും, നഴ്‌സുമാരും, മറ്റു വ്യക്തികളും... യഥാര്‍ത്ഥത്തില്‍ ഇവരാണ് ഈ കാലഘട്ടത്തിന്റെ 'ഹീറോകള്‍'.

ജോലി ചെയ്യാന്‍ സാധിക്കാതെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ഓര്‍ത്തും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.. വിവിധ ജയിലുകളില്‍ കഴിയുന്ന സഹോദരങ്ങളെ ഓര്‍ത്ത് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു... തങ്ങളെയും തങ്ങളുടെ പ്രിയപ്പെട്ടവരെയും ഓര്‍ത്ത് അഴികള്‍ക്കുള്ളില്‍ അവര്‍ ധാരാളം വേദന അനുഭവിക്കുന്നുണ്ടെന്ന് എനിക്കറിയാം. തീര്‍ച്ചയായിട്ടും നമ്മള്‍ ഓരോരുത്തര്‍ക്കും പകര്‍ച്ചവ്യാധിയുടെ ഈ ദിനങ്ങള്‍ വളരെ ബുദ്ധിമുട്ട് നിറഞ്ഞതാണ്. ചിലര്‍ക്ക് അതികഠിനമാണ് ഈ ദിനങ്ങള്‍ എന്ന് പാപ്പക്ക് അറിയാം. എന്റെ ഈ വാക്കുകള്‍ കൊണ്ട് നിങ്ങളോട് എനിക്ക് പറയുവാനുള്ളത് ഞാന്‍ നിങ്ങളോടൊപ്പമുണ്ട്... എന്റെ പ്രാര്‍ത്ഥനയും സ്‌നേഹവും നിങ്ങളെ സംരക്ഷിക്കട്ടെ. കഷ്ടതയുടെ ഈ കാലഘട്ടം വളരെ നന്നായി വിനിയോഗം ചെയ്യാന്‍ നമുക്ക് പരിശ്രമിക്കാം. നമ്മള്‍ ഉദാരമനസ്‌കരായിരിക്കണം, പരസ്പരം സഹായങ്ങള്‍ ചെയ്തു കൊടുക്കാന്‍ പരിശ്രമിക്കാം. ഫോണ്‍കോളുകള്‍ വഴിയും സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചും ഏകാന്തതയില്‍ കഴിയുന്നവരോട് സംസാരിക്കുവാനും ആശ്വസിപ്പിക്കാനും അവരെ ധൈര്യപ്പെടുത്തുവാനും പരിശ്രമിക്കാം.

ഇറ്റലിയിലും ലോകം മുഴുവനായും കഷ്ടതയില്‍ കൂടി കടന്നു പോകുന്നവര്‍ക്ക് വേണ്ടി നമുക്ക് ഒന്നുചേര്‍ന്ന് പ്രാര്‍ത്ഥിക്കാം. നമ്മള്‍ ഒറ്റപ്പെട്ടിരിക്കുകയാണെങ്കിലും വിശാലമായ സ്‌നേഹത്തിന്റെ കഴിവുകള്‍ ഉപയോഗിച്ച് ചിന്തകള്‍ കൊണ്ടും ആത്മീയ സാന്നിധ്യം കൊണ്ടും നമുക്ക് എത്ര ദൂരം വേണമെങ്കിലും സഞ്ചരിക്കാം. ഇത് ഇന്നിന്റെ ആവശ്യകതയാണ്.

വിശുദ്ധവാരം ആരംഭിക്കുകയാണ്, സുവിശേഷത്തിലെ സന്ദേശം നമുക്ക് കാണിച്ചുതരുന്നത് മനുഷ്യവംശത്തോടുള്ള ദൈവത്തിന്റെ അതിരുകളില്ലാത്ത സ്‌നേഹമാണ്. നമ്മുടെ നഗരങ്ങളില്‍ തളംകെട്ടിനില്‍ക്കുന്ന മൗനത്തില്‍ ഉയര്‍പ്പിന്റെ സന്ദേശം വീണ്ടും മുഴങ്ങി കേള്‍ക്കും... വി.പൗലോസ് ശ്ലീഹ പറയുന്നത് ക്രിസ്തു മരിച്ചത് നാം എല്ലാവര്‍ക്കും വേണ്ടിയാണ്. കാരണം ക്രിസ്തുവില്‍ ജീവിക്കുന്ന ഏതൊരുവനും അവര്‍ക്കുവേണ്ടിയല്ല ജീവിക്കുന്നത്... ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു... ജീവന്‍ മരണത്തെ തോല്‍പ്പിച്ചു... ക്രിസ്തുവിന്റെ ഉത്ഥാനത്തിലുള്ള വിശ്വാസം നമ്മുടെ പ്രത്യാശയെ വളര്‍ത്തുന്നു. ഈ സായാഹ്നത്തില്‍ നിങ്ങളോട് ഞാന്‍ പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്നത് ഒരു നല്ല കാലം എത്രയും വേഗം കര്‍ത്താവ് നമുക്ക് നല്‍കട്ടെ എന്നാണ്. എത്രയും വേഗം ഈ പകര്‍ച്ച വ്യാധിയില്‍ നിന്ന് നമ്മള്‍ മുക്തരാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും പ്രത്യാശിക്കുകയും ചെയ്യുന്നു.

ഏതാനും നിമിഷം എന്നെ നിങ്ങളുടെ ഭവനങ്ങളില്‍ പ്രവേശിപ്പിക്കാന്‍ അനുവാദം തന്നതിനും. എന്റെ വാക്കുകള്‍ ശ്രവിക്കാന്‍ നിങ്ങള്‍ കാട്ടിയ നല്ല മനസ്സിനും നിങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി പറയുന്നു. സഹനത്തില്‍ക്കൂടി കടന്നു പോകുന്ന വ്യക്തികളോട് സ്‌നേഹത്തോടെ പെരുമാറുക. പ്രത്യേകിച്ച് കുട്ടികളോടും പ്രായമായവരോട് പറയുക ഫ്രാന്‍സിസ് പപ്പാ നിങ്ങളോടൊപ്പമുണ്ട് നിങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു എന്ന്... എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ മറക്കരുത്. ഒരു നല്ല അത്താഴം നിങ്ങള്‍ക്ക് ആശംസിച്ചു കൊണ്ട് ഞാന്‍ നിര്‍ത്തുന്നു... വീണ്ടും കാണാം... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..