സന്ദര്‍ലാന്‍ഡ്: മലയാളി അസോസിയേഷന്‍ സന്ദര്‍ലാന്‍ഡ് പത്താം വാര്‍ഷികം സന്ദര്‍ലാന്‍ഡില്‍ ആഘോഷിച്ചു. മലയാളി അസോസിയേഷന്‍ സന്ദര്‍ലാന്‍ഡ് പ്രസിഡന്റ് റെയ്മണ്ട് മുണ്ടാക്കാട്ടിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച ചടങ്ങില്‍ മാസ് ഗായികയായ ഫിയോണ മനോജ് ആലപിച്ച ഭക്തിഗാനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. യുക്മ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യന്‍ മുഖ്യാതിഥിയായി പങ്കെടുത്തു കൊണ്ട് മാസ് ആഘോഷങ്ങള്‍ നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

യുക്മ നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട് നഴ്‌സസ് ഫോറം പ്രതിനിധിയും മാസ് വൈസ് പ്രസിഡന്റുമായ ബൈജു ഫ്രാന്‍സിസ് സ്വാഗതം ആശംസിച്ചു. മാസ് സെക്രട്ടറി സുജിത് തങ്കച്ചനും മാസ് സന്ദര്‍ലാന്‍ഡ് ആങ്കറുമായ മേഴ്സി റോജനും ചേര്‍ന്ന് നൂറുകണക്കിന് വരുന്ന മലയാളി അസോസിയേഷന്‍ കുടുംബങ്ങളെ മണിക്കൂറുകളോളം നീണ്ടുനിന്ന ആഘോഷ പരിപാടികളുടെ സ്റ്റേജ് നിയന്ത്രിച്ചപ്പോള്‍ യുകെയിലെ ബോളിവുഡ് ഡാന്‍സ് ട്രൂപ്പായ ദേശി നാച് ഡാന്‍സ് ടീമും പിന്നണി ഗായികയായ ഡെല്‍സി നൈനാനും ടീവീ റിയാലിറ്റി ഷോ താരമായ സോമുവും ചേര്‍ന്ന് ആലപിച്ച ഗാനമേള മലയാളി ഹൃദയങ്ങളെ ഇളക്കിമറിച്ചു. ബീറ്റ്സ് യുകെ ഡിജിറ്റല്‍ വേള്‍ഡ് ശബ്ദവും വെളിച്ചവും നല്‍കി ആഘോഷങ്ങള്‍ക്ക് ശക്തിപകര്‍ന്നു.

കഴിഞ്ഞ പത്തു വര്‍ഷകാലം മാസ് സംഘടനയെ നയിച്ച പ്രസിഡന്റുമാരെയും, സെക്രട്ടറിമാരെയും മാസ് എന്ന സംഘടനക്ക് സന്ദര്‍ലാന്‍ഡില്‍ ജന്മം കൊടുത്ത ഫൗണ്ടേഷന്‍ അംഗങ്ങളെയും മുഖ്യാതിഥി പൊന്നാട അണിയിച്ച് ആദരിക്കുകയും അവര്‍ക്ക് സംഘടനക്ക് വേണ്ടി മൊമെന്റോ നല്‍കുകയും ചെയ്തു.

മാസ് സംഘടനയുടെ അഭിമാനമായി ജി.സി.എസ്.സി, എ ലെവല്‍പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് സന്ദര്‍ലാന്‍ഡ് റോയല്‍ ഹോസ്പിറ്റല്‍ ഡോക്ടര്‍ നിധിന്‍ പുരസ്‌ക്കാരങ്ങള്‍ നല്‍കി ആദരിച്ചു.

കേരളാ ജലവകുപ്പ് മന്ത്രിയും ഇടുക്കി എം എല്‍ എ യുമായ റോഷി അഗസ്റ്റിന്‍, ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ്, യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള തുടങ്ങിയ പ്രമുഖ വ്യക്തികള്‍ ഓണ്‍ലൈന്‍ വഴി മലയാളി അസോസിയേഷന്‍ കുടുംബങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ചപ്പോള്‍, മാസ് ട്രഷര്‍ സ്മിതാ ജെയിംസ് പരിപാടിയില്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. നവംബര്‍ ഇരുപതിന് കൃത്യം നാലുമണിക്ക് തുടങ്ങിയ ആഘോഷപരിപാടികള്‍ രാത്രി പത്തിന് അവസാനിച്ചു.

വാര്‍ത്തയും ഫോട്ടോയും : അലക്‌സ് വര്‍ഗീസ്