മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ യുകെയിലെ പഠന കേന്ദ്രങ്ങളിലെ കുട്ടികള്‍ക്കായി നടത്തിയ 'കണിക്കൊന്ന' പഠനോത്സവത്തില്‍ വിജയികളായ കുട്ടികളുടെ സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം സെപ്റ്റംബര്‍ 26 ന് വൈകീട്ട് 4 മണിക്ക് നടത്തുന്നു. കേരള സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം നിര്‍വ്വഹിക്കുന്നതാണ്. മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ.സുജ സൂസന്‍ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. മലയാളം മിഷന്‍ ഭാഷാധ്യാപകന്‍ ഡോ.എം.ടി ശശി, യുകെ ചാപ്റ്റര്‍ നോര്‍ത്ത് റീജിയന്‍ കോര്‍ഡിനേറ്റര്‍ ബിന്ദു കുര്യന്‍ എന്നിവര്‍ ആശംസകള്‍ നേരും. മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റ് സി എ ജോസഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സെക്രട്ടറി ഏബ്രഹാം കുര്യന്‍ സ്വാഗതവും പ്രവര്‍ത്തക സമിതി അംഗം ദീപ സുലോചന നന്ദിയും പറയും.

സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുവാനായി മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രവര്‍ത്തകരെയും അധ്യാപകരെയും രക്ഷിതാക്കളെയും പഠിതാക്കളെയും അഭ്യുദയകാംക്ഷികളെയും മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റ് സി എ ജോസഫ്, സെക്രട്ടറി ഏബ്രഹാം കുര്യന്‍, വിദഗ്ദ്ധ സമിതി ചെയര്‍മാന്‍ ജയപ്രകാശ് എസ് എസ്, മേഖല കോര്‍ഡിനേറ്റര്‍മാരായ ബേസില്‍ ജോണ്‍, ആഷിക്ക് മുഹമ്മദ് നാസര്‍, ബിന്ദു കുര്യന്‍, ജിമ്മി ജോസഫ്, രഞ്ചു പിള്ള എന്നിവര്‍ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

2017 സെപ്തംബറില്‍ ലണ്ടനില്‍ വച്ച് മുന്‍ സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്ത മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ ഇന്ന് 6 മേഖലകളിലായി 47 പഠനകേന്ദ്രങ്ങളും 150 തോളം അധ്യാപകരും 900 ത്തോളം പഠിതാക്കളുമായി വളര്‍ച്ചയുടെ പാതയിലാണ്. 134 അധ്യാപകര്‍ക്ക് മലയാളം മിഷനില്‍ നിന്ന് പ്രാഥമിക ട്രെയ്‌നിംഗ് ലഭിച്ചു കഴിഞ്ഞു. 

യു കെ യിലെ എല്ലാ പ്രദേശങ്ങളിലും മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുക എന്ന ലക്ഷ്യവുമായി പ്രവേശനോത്സവങ്ങള്‍ സംഘടിപ്പിച്ച് പുതിയ പഠന കേന്ദ്രങ്ങള്‍ ആരംഭിക്കുവാനുള്ള പരിശ്രമങ്ങള്‍ യുകെ ചാപ്റ്റര്‍ ഭാരവാഹികള്‍ നടത്തി വരികയാണ്. പുതിയ സ്‌കൂളുകള്‍ ആരംഭിക്കുന്നതിനും രജിസ്റ്റര്‍ ചെയ്യുന്നതിനും വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതിന് മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റ് സി എ ജോസഫ് (07846747602) സെക്രട്ടറി ഏബ്രഹാം കുര്യന്‍ (07882791150) എന്നിവരെയോ അതാത് മേഖല കോര്‍ഡിനേറ്റര്‍മാരെയോ malayalammissionukchapter@gmail.com എന്ന ഇമെയിലിലോ ബന്ധപ്പെടാവുന്നതാണ്.

സെപ്റ്റംബര്‍ 26 ന് വൈകീട്ട് 4 മണിക്ക് നടക്കുന്ന കണിക്കൊന്ന സര്‍ട്ടിഫിക്കറ്റ് വിതണോദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനുള്ള സൂം ലിങ്കിന്റെയും ഫേസ്ബുക്ക് ലൈവിന്റെയും വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു. ആദ്യം പ്രവേശിക്കുന്ന 100 പേര്‍ക്ക് സൂമിലൂടെയും ബാക്കിയുള്ളവര്‍ക്ക് ഫേസ് ബുക്കിലൂടെയും ലൈവായി സമ്മേളനത്തില്‍ പങ്കെടുക്കാവുന്നതാണ്.

ZOOM MEETING ID: 82962773746
Passcode: MAMIUK
www.facebook.com/MAMIUKCHAPTER/live

വാര്‍ത്തയും ഫോട്ടോയും : എബ്രഹാം കുര്യന്‍