കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ സംഘടിപ്പിച്ച ''ട്യൂട്ടര്‍ വേവ്സ് ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍' വിജയകരമായി 12 ആഴ്ച്ച പൂര്‍ത്തീകരിക്കുന്നു. 12-മത് ആഴ്ച്ച നടക്കുന്ന ഗ്രാന്റ് ഫിനാലെയില്‍ സിനിമാതാരവും നര്‍ത്തകിയുമായ പാര്‍വതി ജയറാം മുഖ്യാതിഥിയായെത്തും. ജനുവരി 31 ന് ഉച്ചകഴിഞ്ഞ് യു.കെ സമയം 3 മണി (ഇന്ത്യന്‍ സമയം 8:30 പിഎം) മുതല്‍ കലാഭവന്‍ ലണ്ടന്റെ 'വീ ഷാല്‍ ഓവര്‍ കം' ഫേസ്ബുക് പേജില്‍ലൈവ് ലഭ്യമാകും.
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ ആരംഭിച്ചത് മുതല്‍ കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ ആരംഭിച്ച വിവിധ കലാപരിപാടികളുടെ വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലൂടെ ലോകശ്രദ്ധ നേടിയ 'വീ ഷാല്‍ ഓവര്‍കം' ടീംതന്നെയാണ് വര്‍ണ്ണാഭമായ ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലിനും നേതൃത്വം നല്‍കിയത്. ഭാരതീയകലയും സംസ്‌ക്കാരവും വിവിധങ്ങളായ നൃത്ത രൂപങ്ങളും ലോകത്തിനു മുന്‍പില്‍ അനുഭവ വേദ്യമാക്കുന്നതിനുംഅതിലെ പ്രഗത്ഭരെ അണിനിരത്തി ലോക്ഡൗണ്‍ കാലത്തും കലാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനവുംപരിശീലനവും നല്‍കുന്നത് ലക്ഷ്യമിട്ടാണ് കലാഭവന്‍ ലണ്ടന്‍ ഈ അന്താരാഷ്ട്ര നൃത്തോത്സവം സംഘടിപ്പിച്ചത്. നവംബര്‍ 15 ഞായറാഴ്ച്ച പ്രശസ്ത സിനിമതാരവും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി ഉദ്ഘാടനം നിര്‍വഹിച്ചത് മുതല്‍ മുടക്കമില്ലാതെ എല്ലാ ഞായറാഴ്ചകളിലും പ്രമുഖരായ നര്‍ത്തകരെയും ഒപ്പം വളര്‍ന്ന് വരുന്നതാരങ്ങളെയുമൊക്കെ അണിനിരത്തി മലയാള കലാരംഗത്ത് തന്നെ ഈ കോവിഡ് കാലത്ത് ചരിത്രം സൃഷ്ടിച്ച അന്താരാഷ്ട്ര നൃത്തോത്സവത്തിനാണ് ഈ വരുന്ന ഞായറാഴ്ച്ച ഗ്രാന്റ് ഫിനാലെയോടെ തിരശ്ശീല വീഴുന്നത്. വിവിധ ദിവസങ്ങളിലെത്തിയ സിനിമാതാരങ്ങളായ രചനാ നാരായണന്‍കുട്ടിയും പാരീസ് ലക്ഷ്മിയും പരിപാടികള്‍ക്ക് മിഴിവേകി.