റോം: കേരള യൂറോപ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ (KEFF) രൂപീകരിച്ചു. കേരള സംസ്ഥാന കായിക മന്ത്രി വി.അബ്ദുറഹിമാന്‍ കെഫിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. കേരള സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സൂപ്പര്‍ അഷ്‌റഫ് ബാവ ആശംസകള്‍ നേര്‍ന്നു.

ഇറ്റലി, ഫ്രാന്‍സ്, ജര്‍മ്മനി, മാള്‍ട്ട, നെതര്‍ലാന്‍ഡ്‌സ്, പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക് തുടങ്ങി ഫുട്‌ബോളിന്റെ ഈറ്റില്ലമായ എട്ട് യൂറോപ്യന്‍ രാജ്യങ്ങളിലെ മലയാളി ഫുട്‌ബോള്‍ കൂട്ടായ്മകള്‍ ഒത്തുചേര്‍ന്നു കേരള ഫുട്‌ബോളിന്റെ ഉന്നമനത്തിനും യൂറോപ്യന്‍ മലയാളി ഫുട്‌ബോള്‍ പ്രതിഭകളുടെ ഉന്നമനത്തിനും സര്‍വോപരി പ്രവാസി ഫുട്‌ബോള്‍ സൗഹൃദ കൂട്ടായ്മയും മുന്‍ നിര്‍ത്തി രൂപീകരിച്ച സംഘടനയാണ് കെഫ്.

കേരള ഭാവി തലമുറയിലെ ഫുട്‌ബോള്‍ പ്രതിഭകളുടെ സ്വപ്നങ്ങള്‍ക്കു യൂറോപ്യന്‍ ഫുട്‌ബോളിലേക്ക് ഒരു തുറവി, യൂറോപ്പിലെ പ്രവാസി മലയാളി ഫുട്‌ബോള്‍ ക്ലബ്ബുകള്‍ വഴി യൂറോപ്പിലെ എല്ലാ മലയാളി ഫുട്‌ബോള്‍ ക്ലബ്ബുകളുമായി മത്സരിക്കാനുള്ള അവസരം, സര്‍വോപരി സ്‌പോര്‍ട്‌സിനും ഫുട്‌ബോളിനും പ്രാമുഖ്യം നല്‍കിയുള്ള സംഘടന നിലവില്‍ വരുന്നതോടെ കേരള യൂറോപ്യന്‍ ഫുട്‌ബോളിനു ഒരു പുതിയ മാനം കൈവരുമെന്ന പ്രതീക്ഷയിലാണ് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍. യൂറോപ്പിലെ എട്ട് രാജ്യങ്ങളിലെ മലയാളി ക്ലബ്ബുകളിലെ പ്രതിനിധികള്‍ ചേര്‍ന്നാണ് സംഘടന രൂപീകരിച്ചത്.

സാങ്കേതികമായി ലോകനിലവാരത്തില്‍ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന യൂറോപ്യന്‍ ഫുട്‌ബോളിലേക്ക് കൊച്ചുകേരളത്തിലെ ഫുട്‌ബോള്‍ പ്രതിഭകള്‍ക്കുള്ള വാതില്‍ സംഘടന തുറന്നിടുമെന്ന് കെഫിന്റെ പ്രസിഡന്റ് മുഹമ്മദ് അബീര്‍ അറിയിച്ചു. പുതുവര്‍ഷത്തില്‍ വലിയൊരു ശുഭപ്രതീക്ഷയോടെ മുന്നേറാന്‍ എല്ലാവരേയും പ്രസിഡന്റ് സ്വാഗതം ചെയ്തു. 

കേരള ഫുട്‌ബോള്‍ അസോസിയേഷന്‍, കേരള സര്‍ക്കാര്‍, സംസ്ഥാന സ്‌പോര്‍ട്‌സ് മന്ത്രി എന്നിവരുമായി കെഫ് പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നു. ഫെഡറേഷന്റെ ലോഗോ കായിക മന്ത്രി ഔദ്യോഗികമായി പ്രകാശനം ചെയ്തു.

നിലവില്‍ 13 അംഗങ്ങളാണ് കെഫിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലുള്ളത്. മുഹമ്മദ് അബീര്‍ ഇറ്റലി (പ്രസിഡന്റ്), അലന്‍ ജോയ് ജര്‍മ്മനി (സീനിയര്‍ വൈസ് പ്രസിഡന്റ്), കിരണ്‍ മേനാമഠത്തില്‍ ഫ്രാന്‍സ്(വൈസ് പ്രസിഡന്റ്), വിബിന്‍ സേവ്യര്‍ മാള്‍ട്ട (ജനറല്‍ സെക്രട്ടറി), ജോസ് പോള്‍ ഇറ്റലി (സെക്രട്ടറി), എഡ്വിന്‍ ആലപ്പാട്ട് ഇറ്റലി, കലേഷ് ഗോപി മാള്‍ട്ട (ട്രഷറര്‍), അഭിലാഷ് പുരയില്‍ നെതര്‍ലന്‍ഡ്‌സ്, ആല്‍വിന്‍ ബാബു മാള്‍ട്ട (ഡിസിപ്‌ളിനറി & അഡൈ്വസറി), എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായി ഡിജോ വിന്‍സെന്റ് ചെക്ക് റിപ്പബ്‌ളിക്ക്, കിരണ്‍ ജോര്‍ജ് ഇറ്റലി, ലിബിന്‍ ബേബി ഇറ്റലി, വിഷ്ണു പ്രസാദ് പോളണ്ട് എന്നിവരേയും തിരഞ്ഞെടുത്തു.

ജോസ് കുമ്പിളുവേലില്‍