ബോണ്‍മൗത്ത്: ബ്രിട്ടനിലെ പുരോഗമന സാംസ്കാരിക സംഘടനയായ ചേതന യുകെയുടെ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കേരളപ്പിറവി ആഘോഷം ഡോര്‍സെറ്റ് കൗണ്ടിയിലെ ബോണ്‍മൗത്തില്‍ സംഘടിപ്പിച്ചു. ചേതന യുകെ പ്രസിഡന്റ് സുജു ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്കാരിക സമ്മേളനം മുന്‍ രാജ്യസഭാംഗവും സാംസ്കാരിക വിഭാഗത്തിന്റെ പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു.
ആന്ധ്രാ പ്രദേശ് കേഡറിലെ മലയാളിയായ ഐഎഎസ് ഓഫീസര്‍ ബാബു അഹമ്മദ് വിശിഷ്ട അതിഥിയായി യോഗത്തില്‍ പങ്കെടുത്തു.
കേരള പോലീസില്‍ സേനയിലെ മികച്ച പ്രവര്‍ത്തനത്തിന് രാഷ്ട്രപതിയില്‍ നിന്നും മെഡല്‍ കരസ്ഥമാക്കിയ ചേതന യു.കെ.യുടെ ആദ്യ പ്രസിഡന്റ് സുനില്‍ ലാലിനെ സമ്മേളന വേദിയില്‍ സീതാറാം യെച്ചൂരി മെമെന്റോ നല്കി ആദരിച്ചു. കൂടാതെ, ജീവകാരുണ്യ രംഗത്ത് സമാനതകളില്ലാത്ത പ്രവര്‍ത്തനം നടത്തി വരുന്ന അമ്മ ചാരിറ്റിയെയും, ചാരിറ്റി ഫണ്ട് റൈസിംഗിന് വേണ്ടി സ്കൈ ഡൈവിംഗ് നടത്തി മലയാളികളുടെ അഭിമാനമായി മാറിയ ജോയല്‍ മനോജിനെയും ചടങ്ങില്‍ യെച്ചൂരി മൊമെന്റോ നല്കി അനുമോദിച്ചു. ചേതന യു.കെ.ക്ക് വേണ്ടി ഗ്രാഫിക് ഡിസൈന്‍സ് ചെയ്ത അനൂപിനെയും, കലാപ്രകടങ്ങളിലൂടെ ചേതനയുടെ പത്താം വാര്‍ഷികാഘോഷത്തിന്റെ വേദിയെ സമ്പുഷ്ടമാക്കിയ മുഴുവന്‍ കലാകാരന്മാരെയും കലാകാരികളെയും ഉപഹാരങ്ങള്‍ നല്കി അനുമോദിച്ചു.
തുടര്‍ന്ന് യുകെ മലയാളികളുടെ ദേശീയ സംഘടനയായ യുക്മയുടെ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, ഡോര്‍സെറ്റ് മലയാളി അസോസിയേഷന് പ്രസിഡന്റ് റെമി ജോസഫ് തുടങ്ങിയവര്‍ ചേതനയുടെ പത്താം വാര്‍ഷികത്തിന് ആശംസകള്‍ അറിയിച്ചു കൊണ്ട് സംസാരിച്ചു. ചേതന യുകെ സെക്രട്ടറി ലിയോസ് പോള്‍ സ്വാഗതവും, ട്രഷറര്‍ ശ്രീകുമാര്‍ നന്ദിയും പറഞ്ഞ സാംസ്കാരിക സമ്മേളനത്തിന് ശേഷം ബ്രിട്ടനിലെ വിവിധങ്ങളായ പ്രദേശങ്ങളില്‍ നിന്നും വന്ന കലാകാരന്മാരും കലാകാരികളും അണിനിരന്ന കലാസന്ധ്യയും ഒരുക്കിയിരുന്നു.
വാര്‍ത്ത അയച്ചത് : ലിയോസ് പോള്‍