ഒക്ടോബര്‍ ഫെസ്റ്റിന്റെ ആരവങ്ങളില്‍ മ്യൂണിക് നഗരം ഉത്സവലഹരിയില്‍ മുഴുകുമ്പോള്‍, ഗതകാലസമൃദ്ധിയുടെ അയവിറക്കലും ജന്മനാട്ടിലെ കഷ്ടപ്പെടുന്നവര്‍ക്ക് സന്ത്വനവുമായി കേരളസമാജം മ്യൂണിക്ക് ഓണം ആഘോഷിച്ചു. ഓണാഘോഷത്തിലെ വരുമാനം കേരളത്തിന്റെ പുനര്‍നിര്‍മ്മണത്തിനു ചിലവഴിക്കാനാണ് കേരളസമാജത്തിന്റെ തീരുമാനം.

ഉണ്ടര്‍ഹാഹിങ്ങിലെ ഹാഹിങ്ങ ആലിയില്‍ നടന്ന ചടങ്ങ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സുല്‍ ജനറല്‍ എന്‍.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സുല്‍ വിവേകാനന്ദന്‍ ചടങ്ങില്‍ പങ്കെടുക്കുകയും ദീപം കൊളുത്തുകയും ചെയ്തു. അധ്യക്ഷത വഹിച്ച  പ്രസിഡന്റ് ഗിരികൃഷ്ണന്‍ സമാജത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും പുനര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങളെയും കുറിച്ച് സംസാരിച്ചു.   

പതിവുപോലെ സമാജം അംഗങ്ങള്‍ പാകം ചെയ്ത വിഭവസമൃദ്ധമായ ഓണസദ്യക്കു ശേഷമാണ് ചടങ്ങുകള്‍ ആരംഭിച്ചത്. സമാജം അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. കേരളസമാജം മെംബര്‍മാര്‍ക്കായി നടത്തിയ നാട്ടിലേക്ക് ഒരു ടിക്കറ്റ് സൂപ്പര്‍ ലോട്ടൊയില്‍ സമാജം മെംബര്‍ ഷാജു മണിയത്ത് വിജയിയായി. ടിക്കറ്റ് തുക ട്രഷറര്‍ ശുഭ മേനോന്‍ കൈമാറി.

കലാപരിപാടികള്‍ക്ക് ശേഷം ചായസല്‍ക്കാരവും കഴിഞ്ഞാണ് 2018 ലെ ഓണപ്പരിപാടികള്‍ അവസാനിച്ചത്. വൈസ് പ്രസിഡന്റ് അപ്പു തോമസ് നന്ദി പ്രകാശനം നടത്തി.