തിരുവനന്തപുരം: യൂറോപ്പിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജര്‍മന്‍ മലയാളിയുമായ ജോസ് പുന്നാംപറമ്പില്‍ മലയാള  ഭാഷക്ക്  നല്‍കിയ  സമഗ്ര സംഭാവന കണക്കിലെടുത്ത്  2016 ലെ  കേരള സാഹിത്യ അക്കാദമി  പുരസ്‌കാരത്തിന് അര്‍ഹനായി. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 

1986 ല്‍ ജര്‍മനിയില്‍ നടന്ന ലോക മലയാള സമ്മേളനം മുതല്‍ മലയാള ഭാഷയെ വിദേശങ്ങളില്‍ പുഷ്ടിപ്പെടുത്താന്‍ പുന്നാംപറമ്പില്‍ നടത്തിയ ശ്രമത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് 2015 ഒക്‌ടോബര്‍ ഒന്‍പതിന് ജര്‍മനിയിലെ പഴക്കമേറിയ യൂണിവേഴ്‌സിറ്റിയായ ട്യൂബിംഗന്‍ യൂണിവേഴ്‌സിറ്റിയില്‍ ഒരു മലയാളം ചെയര്‍ (ഗുണ്ടര്‍ ചെയര്‍) സ്ഥാപിതമായത്. 

എണ്‍പത്തിയൊന്നിന്റെ നിറവില്‍ നില്‍ക്കുന്ന ജോസ് പുന്നാംപറമ്പില്‍ ജര്‍മനിയിലെ ആദ്യകാല കുടിയേറ്റക്കാരന്‍ എന്നതിലുപരി ജര്‍മനിയിലെ മലയാളികളുടെ വഴികാട്ടിയായി നാളിതുവരെ നടത്തിയ പരിശ്രമങ്ങള്‍ ഒരിയ്ക്കലും വിസ്മരിയ്ക്കാനാവില്ല. 1994 മുതല്‍ കൊളോണ്‍ കാരിത്താസിന്റെ ലേബലില്‍ ജര്‍മനിയില്‍ നിന്നും ജര്‍മന്‍ ഭാഷയില്‍ പ്രസിദ്ധീകരിയ്ക്കുന്ന മൈനെ വേല്‍റ്റ്(എന്റെ ലോകം) മാസികയുടെ മുഖ്യപത്രാധിപര്‍ കൂടിയാണ് പുന്നാംപറമ്പില്‍.

ഇരിങ്ങാലക്കുടയിലെ എടക്കുളം ഗ്രാമത്തില്‍ 1936 മെയ് 10 ന് ജനിച്ച ജോസ് പുന്നാംപറമ്പില്‍ ജര്‍മന്‍ മലയാളികളുടെ വിശേഷണത്തില്‍ പറഞ്ഞാല്‍ പുന്നാംപറമ്പില്‍ ജോസേട്ടന്‍, മുംബൈ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്‌ളീഷ് ലിറ്ററേച്ചറില്‍ ബിരുദാനന്തരബിരുദം നേടിയാണ് ജര്‍മനിയില്‍ കുടിയേറുന്നത്. സാമൂഹ്യപ്രവര്‍ത്തനത്തിലും പത്രപ്രവര്‍ത്തനത്തിലും പരിശീലനം നേടിയിരുന്ന കാലത്ത് മുംബെയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായും കോളേജ് അധ്യാപകനായും ജോലി ചെയ്തു. ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റായി ജര്‍മനിയില്‍ അഞ്ചുവര്‍ഷം ജോലി നോക്കി. കഴിഞ്ഞ 16 വര്‍ഷമായി ഇന്‍ഡോ ജര്‍മന്‍  സൊസൈറ്റിയുടെ ഉപദേശക സമിതി അംഗമാണ്. എട്ടു പുസ്തകങ്ങള്‍ ജര്‍മന്‍ ഭാഷയിലും  രണ്ടു പുസ്തകങ്ങള്‍ മലയാളം ഭാഷയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബോണ്‍ നഗരത്തിനടുത്ത് ഉങ്കലിലാണ് താമസം. ശോശാമ്മയാണ് ഭാര്യ. മക്കള്‍:നിഷ (ജേര്‍ണലിസ്റ്റ്), അശോക്. 

ജോസ് കുമ്പിളുവേലില്‍