സൂറിക്ക്: ഇന്ത്യയ്ക്ക് വെളിയില്‍ നടക്കുന്ന ഏറ്റവും വലിയ കലോത്സവമായ കേളി അന്താരാഷ്ട്ര കലാമേളയുടെ ആദ്യ രജിസ്‌ട്രേഷന്‍ കുമാരി. ഇഷിത അബ്രഹാമില്‍ നിന്നും സ്വിറ്റ്‌സര്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് സ്വീകരിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. കേളി സ്വിറ്റ്സര്‍ലന്‍ഡില്‍ നടത്തുന്ന പതിനാറാമത് കലാമേളയില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ക്ക് ഇനി മുതല്‍ കലാമേള വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ സൗകര്യം ലഭ്യമായിരിക്കും.

ബേണിലെ ഇന്ത്യന്‍ ഹൗസില്‍ വച്ച് ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് ഐ.എഫ്എസ് കലാമേളയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. സെക്രട്ടറി റോഷ്നി തോംസണ്‍ ഐ.എഫ്എസ്, കലാമേള കണ്‍വീനര്‍മാര്‍, കേളി പ്രസിഡന്റ് ബെന്നി പുളിക്കല്‍, സെക്രട്ടറി ദീപ മേനോന്‍, ട്രഷറര്‍ പയസ് പാലാത്തറക്കടവില്‍ എന്നിവരുടെയും സാന്നിധ്യത്തിലാണ് കേളി അന്താരാഷ്ട്ര കലാമേളയുടെ കിക്ക് ഓഫ് നടന്നത്. ഇന്ത്യന്‍ എംബസി ബേണിന്റെ പൂര്‍ണ്ണ സഹകരണത്തോടെയാണ് കേളി കലാമേള 2019 അരങ്ങേറുന്നത്.

ജൂണ്‍ 8, 9 തീയതികളിലായി സൂറിച്ചിലെ ഫെറാല്‍ടോര്‍ഫിലാണ് പതിവ് പോലെ ഇക്കൊല്ലവും കലാമേള അരങ്ങേറുക. വിവിധകലാമത്സരങ്ങള്‍ മൂന്ന് സ്റ്റേജുകളിലായി അരങ്ങേറും. ഷോര്‍ട്ട് ഫിലിം മത്സരം ഈ കലാമേളയുടെ പ്രത്യേകതയാണ്. സൂര്യ ഇന്ത്യാ കലാതിലകം, കലാപ്രതിഭ, കേളി കലാരത്ന, ഫാ.ആബേല്‍ മെമ്മോറിയല്‍ എന്നിവയാണ് പ്രധാന അവാര്‍ഡുകള്‍. അതിനു പുറമെ മത്സരവിജയികള്‍ക്കെല്ലാവര്‍ക്കും ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി ആദരിക്കും.

അമ്പതിലധികം ജഡ്ജസ് നൂറോളം വോളന്റീയേഴ്‌സ് ഇരുന്നൂറിലധികം കലാകാരികളും കലാകാരന്മാരും മൂന്ന് സ്റ്റേജുകളിലായി രണ്ട് ദിനരാത്രങ്ങള്‍ യൂറോപ്പില്‍ ഉത്സവ പ്രതീതി ഉണര്‍ത്തുന്ന യുവജനോത്സവമാണ് കേളി അന്താരാഷ്ട്രകലാമേള. കലാമേളയുടെ രജിസ്‌ട്രേഷന്‍ www.kalamela.com വഴി മാത്രമേ സ്വീകരിക്കൂവെന്ന് ജനറല്‍ കണ്‍വീനര്‍ റീന അബ്രഹാം അറിയിച്ചു.

വാര്‍ത്ത അയച്ചത് : ടോം കുളങ്ങര