സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലെ  പ്രമുഖ  സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളി ചാരിറ്റി ഷോ ഒരുക്കി. സൂറിച്ച് വെറ്റ്‌സിക്കോണിലെ കത്തോലിക്കാ ദേവാലയ ഹാളിലാണ്  വിപുലമായ ചാരിറ്റി ഗാല  അരങ്ങേറിയത്. കേരളത്തിലെ വിവിധ  പുനര്‍നിര്‍മ്മാണ പദ്ധതികളില്‍ സജീവസാന്നിധ്യമാണ്  സ്വിറ്റ്സര്‍ലന്‍ഡിലെ മലയാളികളുടെ ഈ കൂട്ടായ്മ. 

പ്രളയദുരന്തം നാശം വിതച്ച കോട്ടയത്തും തീരദേശ മേഖലയില്‍ രണ്ട് വീടുകളും ഇടുക്കിയില്‍ മൂന്നാമത്തെ വീടും നിര്‍മ്മിച്ചു  നല്‍കിയും, തിരഞ്ഞെടുത്ത വിദ്യാലയങ്ങള്‍ക്ക് നൂതന സാങ്കേതിക ലൈബ്രറി നല്‍കിയും  നവകേരള സൃഷ്ടിയില്‍ ഭാഗഭാക്കായി മാറിയ കേളിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്  പരിപാടിയില്‍ പങ്കെടുത്ത മുന്നൂറോളം സ്വിസ്  അതിഥികള്‍ പിന്തുണ പ്രഖ്യാപിച്ചു.  

വിഭവ സമൃദ്ധമായ ഡിന്നറും ബോളിവുഡ് നൃത്തങ്ങളും ഭാരതീയ ക്ലാസിക്കല്‍ നൃത്തങ്ങളും കൊണ്ട് മിഴിവേകിയ സന്ധ്യയില്‍ കേളിയുടെ സാമൂഹ്യ സേവന പദ്ധതികള്‍ക്ക് സഹായം  നല്‍കുന്ന എല്ലാ സുമനസ്സുകള്‍ക്കും കേളി പ്രസിഡന്റ് ബെന്നി പുളിക്കല്‍ നന്ദി പറഞ്ഞു.

വാര്‍ത്ത അയച്ചത് : ടോം കുളങ്ങര