മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ നടത്തിയ കണിക്കൊന്ന പഠനോത്സവത്തിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും നവ്യാനുഭവമായി. മലയാള ഭാഷയെ സ്‌നേഹിക്കുന്ന യുകെയിലെ വളര്‍ന്നു വരുന്ന കുട്ടികള്‍ വിജയപ്രഭയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി. വെര്‍ച്യുല്‍ പ്ലാറ്റ്‌ഫോമിലൂടെ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യപ്രഭാഷകയായ മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ.സുജ സൂസന്‍ ജോര്‍ജ് സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം ഔദ്യോഗികമായി നിര്‍വഹിച്ചു. മലയാള ഭാഷയും കേരളത്തിന്റെ സംസ്‌കാരവും പൈതൃകവും വരും തലമുറകളിലേക്ക് എത്തിക്കുവാനായി മലയാളം മിഷന്‍ യു കെ ചാപ്റ്റര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ ശ്ലാഘനീയമാണെന്നും കോവിഡ് മഹാമാരിയുടെ വിഷമതകളിലൂടെ കടന്നു പോയ സാഹചര്യത്തില്‍പ്പോലും യുകെ ചാപ്റ്റര്‍ നടത്തിയ കണിക്കൊന്ന പഠനോത്സവം യൂറോപ്യന്‍ രാജ്യങ്ങളിലെ മറ്റു ചാപ്റ്ററുകള്‍ക്ക് മാതൃകയാണെന്നും അഭിപ്രായപ്പെട്ടു. മലയാളം മിഷന്‍ ഭാഷാധ്യാപകന്‍ ഡോ.എം ടി ശശി, യുകെ നോര്‍ത്ത് റീജിയന്‍ കോര്‍ഡിനേറ്റര്‍ ബിന്ദു കുര്യന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റ് സി എ ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എബ്രഹാം കുര്യന്‍ സ്വാഗതവും പ്രവര്‍ത്തക സമിതി അംഗം ദീപ സുലോചന നന്ദിയും പറഞ്ഞു. സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടന ചടങ്ങിന്റെ അവതാരക ബിന്ദു കുര്യന്‍ ആയിരുന്നു.

സമീക്ഷ  മലയാളം സ്‌കൂള്‍ എക്‌സിറ്റര്‍ കുട്ടികളെയും അധ്യാപകരെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ ജോയിന്റ് സെക്രട്ടറി രാജി രാജന്റെ  നേതൃത്വത്തില്‍ സംഘടിപ്പിച്ച സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങ് എല്ലാവരുടെയും പ്രശംസ ഏറ്റുവാങ്ങി. വിജയികളായ കുട്ടികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ അധ്യാപകരും സ്‌കൂള്‍ ഭാരവാഹികളും ചേര്‍ന്ന് വിതരണം ചെയ്തു.

കെന്റിലെ ചിസ്ലിഹസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് മാര്‍ക്ക് മിഷന്‍ മലയാളം സ്‌കൂളില്‍ നിന്നും വിജയികളായ കുട്ടികളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം സ്‌കൂള്‍ ഡയറക്ടര്‍ റവ.ഫാ.ടോമി എടാട്ട് നിര്‍വഹിച്ചു. മലയാളം മിഷന്‍ യു കെ സൗത്ത് റീജിയണിലെ സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം ബേസിംഗ്സ്റ്റോക്ക് മലയാളം സ്‌കൂളിന്റെ ചെയര്‍മാന്‍ ജോബി തോമസിന് മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റ് സി എ ജോസഫ് നല്‍കി നിര്‍വഹിച്ചു. മിഡ്ലാന്‍ഡ്സ് റീജിയണിലെ സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം കേരള സ്‌കൂള്‍ കവന്‍ട്രിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും അധ്യാപകനുമായ ഹരീഷ് പാലായ്ക്ക് യുകെ ചാപ്റ്റര്‍ സെക്രട്ടറി എബ്രഹാം കുര്യന്‍ നല്‍കി നിര്‍വ്വഹിച്ചു. യുകെ നോര്‍ത്ത് റീജിയണിലെ സര്‍ട്ടിഫിക്കറ്റ് വിതരണം റീജിയണല്‍ കോര്‍ഡിനേറ്റര്‍ ബിന്ദു കുര്യന്‍ മാഞ്ചസ്റ്റര്‍ മലയാളം സ്‌കൂള്‍ അധ്യാപിക റീന വിത്സന് നല്‍കി നിര്‍വഹിച്ചു. എല്ലാ പഠന കേന്ദ്രങ്ങളിലെയും വിജയികളായ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

കണിക്കൊന്ന പഠനോത്സവത്തില്‍ വിജയിച്ച മുഴുവന്‍ കുട്ടികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും രക്ഷിതാക്കളെയും മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റ്  സിഎ ജോസഫ്, സെക്രട്ടറി ഏബ്രഹാം കുര്യന്‍, വിദഗ്ദ്ധ സമിതി ചെയര്‍മാന്‍ ജയപ്രകാശ് എസ്.എസ്, മേഖല കോര്‍ഡിനേറ്റര്‍മാരായ ബേസില്‍ ജോണ്‍, ആഷിക്ക് മുഹമ്മദ് നാസര്‍, ബിന്ദു കുര്യന്‍, ജിമ്മി ജോസഫ്, രഞ്ചു പിള്ള എന്നിവര്‍ അഭിനന്ദിച്ചു.

മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാ സ്ഥലങ്ങളിലും വ്യാപിപ്പിക്കുക എന്ന ലക്ഷ്യവുമായി പ്രവേശനോത്സവങ്ങള്‍ സംഘടിപ്പിച്ച് പുതിയ പഠന കേന്ദ്രങ്ങള്‍ ആരംഭിക്കുവാനുള്ള പരിശ്രമങ്ങള്‍ യുകെ ചാപ്റ്റര്‍ ഭാരവാഹികള്‍ നടത്തി വരികയാണ്. പുതിയ സ്‌കൂളുകള്‍ ആരംഭിക്കുന്നതിനും രജിസ്റ്റര്‍ ചെയ്യുന്നതിനും വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതിന് മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റ് സി എ ജോസഫ് (07846747602) സെക്രട്ടറി ഏബ്രഹാം കുര്യന്‍ (07882791150) എന്നിവരെയോ അതാത് മേഖല കോര്‍ഡിനേറ്റര്‍മാരെയോ ബന്ധപ്പെടുക. malayalammissionukchapter@gmail.com എന്ന  ഇമെയില്‍ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്.

വാര്‍ത്തയും ഫോട്ടോയും : എബ്രഹാം കുര്യന്‍