ലണ്ടന്‍: അനശ്വരനായ  പ്രിയതാരം കലാഭവന്‍ മണിക്ക് പ്രണാമം അര്‍പ്പിച്ചുകൊണ്ട് കൊച്ചിന്‍  കലാഭവന്‍ ലണ്ടന്‍ സംഘടിപ്പിക്കുന്ന പ്രത്യേക അനുസ്മരണ പരിപാടി 'ഓര്‍മയില്‍ ഒരു മണിനാദം' മാര്‍ച്ച് 7 ന് ഉച്ചകഴിഞ്ഞ് യുകെ സമയം 7  മണി മുതല്‍  (ഇന്ത്യന്‍ സമയം 8:30) കൊച്ചിന്‍ കലാഭവന്‍ ലണ്ടന്റെ we shall overcome പേജില്‍ നടക്കും. 

സിനിമ സംവിധായകന്‍ സിദ്ദിഖും കൊച്ചിന്‍ കലാഭവന്‍ സെക്രട്ടറി കെ.എസ്.പ്രസാദും കലാഭവന്‍ മണിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പ്രേക്ഷകരുമായി പങ്കുവെയ്ക്കും. കേരളത്തിലും യുകെയിലുമുള്ള ഗായകര്‍ കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകള്‍ ആലപിക്കും.

കേരള ഫോക്ലോര്‍ അക്കാദമി വിജയിയും അറിയപ്പെടുന്ന നാടന്‍ പാട്ട് ഗായകനുമായ പ്രണവം ശശി, ചലച്ചിത്ര പിന്നണി ഗായികയും മോഡലും ആങ്കറുമായ ലേഖ അജയ്, നാടന്‍ പാട്ടു ഗായകന്‍ ഉണ്ണി ഗ്രാമകല, നാടന്‍ പാട്ടു ഗായകന്‍ ഉമേഷ് ബാബു, ഗായിക സല്‍മ ഫാസില്‍, യുകെയില്‍ നിന്നുള്ള ഗായകരായ സത്യനാരായണന്‍ കിഴക്കിനയില്‍, രഞ്ജിത്ത് ഗണേഷ്, സോണി സേവ്യര്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിക്കുന്നത്. കലാഭവന്‍ മണിയുടെ ഓര്‍മ്മകള്‍ പുതുക്കുന്ന ഈ അനുസ്മരണ പരിപാടിയിലേക്ക് എല്ലാവരെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.