പ്രെസ്റ്റന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ഈ മാസം ഇരുപത്തി ഏഴിന് സംഘടിപ്പിക്കുന്ന സുവിശേഷവത്കരണ മഹാസംഗമത്തിന്റെ 'സുവിശേഷത്തിന്റെ ആനന്ദം ' ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു. രൂപതയിലെ വിവിധ ഇടവകകളിലെയും മിഷനുകളിലെയും ആളുകള്‍ ഓണ്‍ലൈനില്‍ പങ്കെടുക്കുന്ന മഹാസുവിശേഷ സംഗമം സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അധ്യക്ഷത വഹിക്കുന്ന ഈ സംഗമത്തില്‍ കേരള സഭയിലെ അനുഗ്രഹീതരായ പ്രമുഖ സുവിശേഷപ്രഘോഷകര്‍ ഇടതടവില്ലാതെ തുടര്‍ച്ചായി മൂന്നര മണിക്കൂര്‍ സുവിശേഷ പ്രഘോഷണം നടത്തും. സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ കൂടി ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് കൂടി ലഭ്യമാകുന്ന രീതിയില്‍ ആണ് സംഗമം ക്രമീകരിച്ചിരിക്കുന്നത്. ഫാ.ജോര്‍ജ് പനയ്ക്കല്‍ വിസി, ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍, ഫാ.ഡൊമിനിക് വാളന്മനാല്‍, ഫാ.ഡാനിയല്‍ പൂവണ്ണത്തില്‍, ഫാ.മാത്യു വയലാമണ്ണില്‍ സിഎസ്ടി, സിസ്റ്റര്‍ ആന്‍മരിയ എസ്എച്ച്, ഷെവ. ബെന്നി പുന്നത്തറ, തോമസ് പോള്‍, സാബു ആറുതൊട്ടി, ഡോ.ജോണ്‍ ഡി., സന്തോഷ് കരുമത്ര, മനോജ് സണ്ണി, സെബാസ്റ്റ്യന്‍ താന്നിക്കല്‍, റെജി കൊട്ടാരം, ടി.സന്തോഷ്, സജിത്ത് ജോസഫ്, ജോസഫ് സ്റ്റാന്‍ലി, പ്രിന്‍സ് വിതയത്തില്‍, പ്രിന്‍സ് സെബാസ്റ്റ്യന്‍ എന്നിവര്‍ വചനം പങ്കുവച്ചു സംസാരിക്കും. പ്രോട്ടോസിഞ്ചെലുസ് മോണ്‍.ഡോ.ആന്റണി ചുണ്ടലിക്കാട്ട് മോഡറേറ്ററായിരിക്കും. സിഞ്ചെലുസ് മോണ്‍. ജോര്‍ജ് ചേലയ്ക്കല്‍ സ്വാഗതവും രൂപത സുവിശേഷവത്കരണ കോ-ഓര്‍ഡിനേറ്റര്‍ ഡോ.ജോസി മാത്യു നന്ദിയും പറയും. കോവിഡ് മഹാമാരിയില്‍ ലോകം വലയുമ്പോള്‍ ദൈവചനത്തിലൂടെ ആശ്വാസം കണ്ടെത്തുവാനും അനേകരിലേക്കു ദൈവവചനം എത്തിച്ചേരുവാനും, സഭയോടൊന്ന് ചേര്‍ന്ന് നിന്ന് ദൈവവചനം ശ്രവിക്കാനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ഒരുക്കിയിരിക്കുന്ന ഈ മഹാ സുവിശേഷവത്കരണ സംഗമത്തിനായി എല്ലാവരുടെയും പ്രാര്‍ത്ഥന സഹായം തേടുന്നതായും സംഘാടക സമിതി അറിയിച്ചു.