ഫ്രാങ്ക്ഫര്‍ട്ട്: മലങ്കരകത്തോലിക്കാ സഭയിലെ വൈദികനായ ഫാ.തോമസ് പടിയംകുളം തന്റെ പൗരോഹത്യത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിച്ചു. ഫ്രാങ്ക്ഫര്‍ട്ട് എക്കന്‍ഹൈമിലെ ഹെര്‍സ് ജീസു ദേവാലയത്തില്‍ വെച്ച്  ആഘോഷമായ പൊന്തിഫിക്കല്‍ കുര്‍ബ്ബാന അര്‍പ്പണത്തോടെയാണ് ജൂബിലി ആഘോഷിച്ചത്.

മലങ്കര സഭാ മാവേലിക്കര രൂപതാധ്യക്ഷന്‍ ഡോ.ജോഷ്വാ മാര്‍ ഇഗ്‌നേഷ്യസ് തിരുമേനി പൊന്തിഫിക്കല്‍ കുര്‍ബ്ബാന അര്‍പ്പിച്ചു. ലിംബുര്‍ഗ് രൂപതാ വികാരി ജനറല്‍ മോണ്‍. വോള്‍ഫ്ഗാങ് റ്യോഷ്, ക്രേഫെല്‍ഡ് ജോഹാന്നസ് ബാപ്റ്റിസ്റ്റ്  ചര്‍ച്ച് വികാരി ഫാ.ഷ്‌വാര്‍സ് മ്യുള്ളര്‍, ടാന്‍സാനിയായില്‍ നിന്നുമുള്ള ഫാ.കാസ്ഫര്‍ മിനിയാ, ഫാ.ദേവദാസ്, ഡീക്കന്‍ ഡോ.ജോസഫ് തെരുവത്ത്,  ജൂബലേറിയന്‍ ഫാ.തോമസ് പടിയംകുളം എന്നിവര്‍ ഈ പൊന്തിഫിക്കല്‍ കുര്‍ബ്ബാനയില്‍ സഹകാര്‍മ്മികരായിരുന്നു. പൊന്തിഫിക്കല്‍ കുര്‍ബ്ബാനക്ക് ശേഷം അനുമോദനങ്ങള്‍ അര്‍പ്പിച്ച്  ലിംബുര്‍ഗ് രൂപതാ വികാരി ജനറല്‍ മോണ്‍.വോള്‍ഫ്ഗാങ് റ്യോഷ്, മുന്‍ ജര്‍മന്‍ പ്രതിരോധവകുപ്പ് മന്ത്രിയും, ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി എക്‌സിക്യൂട്ടീവ് മെംബറുമായ ഫ്രാന്‍സ് ജോസഫ് യുങ്ങ്, എപ്പ്‌സ്‌റ്റൈന്‍ സിറ്റി മേയര്‍ അലക്‌സാണ്ടര്‍ സീമോണ്‍, ജര്‍മന്‍ മലങ്കരസഭാ ചാപ്ലെയിന്‍ ഫാ.സന്തോഷ് തോമസ് കോയിക്കല്‍ എന്നിവര്‍ പടിയംകുളം അച്ചന് അനുമോദനങ്ങള്‍ നേര്‍ന്ന് സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു. അച്ചന്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു. 

ജൂബിലി ആഘോഷത്തില്‍ തോമസ് പടിയംകുളം അച്ചന്‍ വികാരി ആയി സേവനം അനുഷ്ഠിച്ച ജര്‍മന്‍ ഇടവകാഗംങ്ങള്‍, മലങ്കരസഭാഗംങ്ങള്‍, അച്ചന്റെ സുഹ്യുത്തുക്കള്‍ എന്നിവര്‍ പങ്കെടുത്തു. ആഘോഷമായ പൊന്തിഫിക്കല്‍ പാട്ട് കുര്‍ബ്ബാനക്ക് ഫാ.ബിജു തോമസിന്റെ നേതൃത്വത്തില്‍ സിസ്റ്റേഴ്‌സ് ഉള്‍പ്പെടെയുള്ള ഗായകസംഘം ഗാനങ്ങള്‍ ആലപിച്ചു. തുടര്‍ന്ന് പള്ളി ഹാളില്‍ വച്ച് ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് സ്‌നേഹവിരുന്ന് നല്‍കി. ഫ്രാങ്ക്ഫര്‍ട്ട് മലങ്കരസഭാ ഇടവകയാണ് ഈ ജൂബിലി ആഘോഷത്തിന് നേതൃത്വം നല്‍കിയത്. 

വാര്‍ത്ത അയച്ചത് : ജോര്‍ജ് ജോണ്‍