യുകെയിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ ഗില്‍ഫോര്‍ഡ് അയല്‍ക്കൂട്ടം കള്‍ച്ചറല്‍ അസോസിയേഷന്‍ (ജിഎസിഎ) ഓണാഘോഷം സംഘടിപ്പിച്ചു. പൂക്കളമൊരുക്കി തിരുവാതിരയും വള്ളംകളിയും കളരിപ്പയറ്റും പുലിക്കളിയും തുടങ്ങി വിവിധ കലാരൂപങ്ങള്‍ വേദിയില്‍ നിറഞ്ഞാടി. ഓണപ്പാട്ടിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെയാണ് മാവേലിത്തമ്പുരാനെ വേദിയിലേക്ക് എതിരേറ്റത്. മാവേലിയുടെ സാന്നിധ്യത്തില്‍ ജിഎസിഎ പ്രസിഡന്റ് നിക്‌സണ്‍ ആന്റണിയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് തിരിതെളിച്ച് ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. നിക്‌സണ്‍ ആന്റണി അധ്യക്ഷ പ്രസംഗം നടത്തി. മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റും യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരിയുമായ സി എ ജോസഫ് ഓണസന്ദേശം നല്‍കി. ക്‌ളീറ്റസ് സ്റ്റീഫന്‍ മാവേലിത്തമ്പുരാനായി എത്തി തന്റെ പ്രജകള്‍ക്കായി അനുഗ്രഹപ്രഭാഷണം നടത്തി. 

ഗില്‍ഫോര്‍ഡില്‍ നിന്നും ബേസിംഗ്സ്റ്റോക്കിലേക്ക് താമസിക്കുവാനായി പോകുന്ന സി എ ജോസഫിനും കുടുംബത്തിനും ചടങ്ങില്‍ ജിഎസിഎയുടെ ഉപഹാരം നല്‍കി ആദരിച്ചു. കഴിഞ്ഞ 15 വര്‍ഷമായി ഗില്‍ഫോര്‍ഡില്‍ താമസിച്ചിരുന്ന യു കെ യിലെ കലാ സാംസ്‌കാരിക മേഖലകളില്‍ നിറ സാന്നിധ്യവും യുക്മസാംസ്‌കാരിക വേദി രക്ഷാധികാരിയും മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റുമായ സിഎ ജോസഫ് ഗില്‍ഫോര്‍ഡിലെ സാമൂഹ്യ-സാംസ്‌കാരിക ആധ്യാത്മിക മേഖലകളിലും സജീവസാന്നിധ്യമായിരുന്നുവെന്നും അനുസ്മരിച്ചു. ജിഎസിഎയുടെ ഉപഹാരം പ്രസിഡന്റ് നിക്‌സണ്‍ ആന്റണി നല്‍കി. മാവേലി സി എ ജോസഫിനെ പൊന്നാടയണിയിച്ച് ആദരിച്ചു. മറുപടി പ്രസംഗത്തില്‍ ജിഎസിഎ നല്‍കിയ സ്‌നേഹാദരവിന് പ്രസിഡന്റ് നിക്‌സണ്‍ ആന്റണിക്കും വൈസ് പ്രസിഡന്റ് മോളി ക്‌ളീറ്റസിനും ജിഎസിഎയുടെ എല്ലാ ഭാരവാഹികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സിഎ ജോസഫ് നന്ദി പറഞ്ഞു. ഇക്കഴിഞ്ഞ യുക്മ ദേശീയകലാമേളയില്‍ ഉപകരണ സംഗീതത്തില്‍ (ഗിറ്റാര്‍) രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കെവിന്‍ ക്‌ളീറ്റസിന് ജിഎസിഎയുടെ ഉപഹാരം പ്രസിഡന്റ് നിക്സണ്‍ ആന്റണി നല്‍കി അഭിനന്ദിച്ചു.

മലയാളികളുടെ ഓണാഘോഷങ്ങളില്‍ പങ്കു കൊള്ളുവാനും ഓണസദ്യ ആസ്വദിക്കുവാനും ബ്രിട്ടീഷുകാരും എത്തിയത് ജിഎസിഎയുടെ ഓണാഘോഷത്തിന് മാറ്റുകൂട്ടി. 

മലയാളികളുടെ മനസ്സുകളില്‍ നാടന്‍ പാട്ടിന്റെ മണിനാദമായി ചിരിയുടെ മണികിലുക്കമായി ഒരിക്കലും നിലയ്ക്കാത്ത മണിമുഴക്കമായി ജീവിക്കുന്ന കലാഭവന്‍ മണിക്ക് പ്രണാമം അര്‍പ്പിച്ചു കൊണ്ട് അദ്ദേഹം ആലപിച്ചഗാനങ്ങള്‍ കോര്‍ത്തിണക്കി സന്തോഷ്, നിക്‌സണ്‍, എല്‍ദോ, ജെസ്വിന്‍, മോളി, ഫാന്‍സി, ജിന്‍സി, ജിനിഎന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച നൃത്ത-സംഗീതാര്‍ച്ചന മുഴുവന്‍ കാണികളിലും കലാഭവന്‍ മണിയുടെ കലാജീവിതത്തിന്റെ വൈകാരികമായ ഓര്‍മ്മകളുണര്‍ത്തി. വ്യത്യസ്തതയാര്‍ന്ന അവതരണ മികവില്‍ മുഴുവന്‍പരിപാടികളുടെയും ആങ്കറിംഗ് നടത്തിയ ശരത്, ജിജിന്‍, ചിന്നു എന്നിവര്‍ എല്ലാവരുടെയും അഭിനന്ദനമേറ്റുവാങ്ങി. ഓണാഘോഷ പരിപാടികളുടെ കോര്‍ഡിനേറ്റര്‍സ് ആയ മോളി ക്‌ളീറ്റസ്, ഫാന്‍സിനിക്‌സണ്‍, എല്‍ദോ കുര്യാക്കോസ്, ഷിജു മത്തായി എന്നിവര്‍ പരിപാടികള്‍ അവതരിപ്പിച്ച കലാപ്രതിഭകള്‍ക്കും പരിപാടികളില്‍ പങ്കെടുക്കുവാനായി ഹാളില്‍ നിറഞ്ഞുകവിഞ്ഞെത്തിയ മുഴുവനാളുകള്‍ക്കും കൃതജ്ഞത പ്രകാശിപ്പിച്ചു.

വാര്‍ത്തയും ഫോട്ടോയും : ജിന്‍സി കോരത്