സൂറിക്ക്: പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ നാല് പള്ളിക്കൂടങ്ങളാണ് പുനര്‍നിര്‍മ്മാണത്തിനായ് കേളി തിരഞ്ഞെടുത്തിരിക്കുന്നത്. വെള്ളത്തില്‍ ആണ്ടുപോയ കുട്ടനാട്ടിലെ  മൂന്ന് സ്‌കൂളുകളും, ഇടുക്കി ജില്ലയിലെ ഒരു സ്‌കൂളുമാണ് കുട്ടികളുടെ പദ്ധതിയായ കിന്‍ഡര്‍ ഫോര്‍ കിന്‍ഡര്‍ വഴി കേളി പുനര്‍നിമ്മിക്കാന്‍ ഒരുങ്ങുന്നത്. ആദ്യ പടിയായി മൂന്ന് വിദ്യാലയങ്ങള്‍ക്ക് നവീന രീതിയിലുള്ള ലൈബ്രറി നിര്‍മ്മിച്ചു നല്‍കും. വിജ്ഞാനം എല്‍പി സ്‌കൂള്‍ ഇടുക്കി, ഗവണ്‍മെന്റ്  എല്‍പി സ്‌കൂള്‍ കുട്ടനാട്, ഗവണ്‍മെന്റ് യുപി സ്‌കൂള്‍  കുട്ടനാട്, എ.ജെ മെമ്മോറിയല്‍ സ്‌കൂള്‍ കുട്ടനാട് എന്നിവയാണ് തിരഞ്ഞെടുത്ത വിദ്യാലയങ്ങള്‍.

പുനര്‍നിമ്മാണ പദ്ധതിക്ക് പുറമെ 325  നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക്  വിദ്യാഭ്യാസ സഹായവും കൂടാതെ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന 25  കുട്ടികള്‍ക്ക് സാമ്പത്തിക സഹായവും ഈ വര്‍ഷം കിന്‍ഡര്‍ ഫോര്‍ കിന്‍ഡര്‍ നല്കി. സ്വിറ്റ്സര്‍ലന്‍ഡിലെ മലയാളികളുടെ മക്കള്‍ ജന്മ നാട്ടിലെ കുട്ടികളെ വിദ്യാഭ്യാസത്തില്‍ സഹായിക്കുന്ന കേളിയുടെ പദ്ധതിയാണ് കിന്‍ഡര്‍ ഫോര്‍ കിന്‍ഡര്‍.

സന്മനസ്സുള്ള മലയാളികളുടെ സഹായത്തിനു പുറമേ സ്പോണ്‍സര്‍ഷിപ്പ് വഴിയും ചാരിറ്റി ഷോയില്‍ നിന്നും കുട്ടികള്‍ വിവിധ പദ്ധതികള്‍ക്ക് ആവശ്യമായ പണം സമാഹരിക്കുന്നു. 2019  ലെ ചാരിറ്റി ഷോ ഒക്ടോബര്‍ 26  ന്  സൂറിച്ചിലെ ഹോര്‍ഗന്‍ ദേവാലയ ഹാളില്‍ വച്ച് നടക്കുന്നതാണ്.

വാര്‍ത്ത് അയച്ചത് : ടോം കുളങ്ങര