ബര്‍ലിന്‍: മലയാളത്തിന്റെ പ്രിയ നടി കെപിഎസി ലളിത 'ഏലിയാമ്മച്ചി'യായി അഭിനയിച്ച ഏലിയാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്മസ് എന്ന സിനിമ ഡിസംബര്‍ ഒന്നിന് വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തും.

മധ്യകേരളത്തിലെ ഒരമ്മച്ചിയായി ചട്ടയും മുണ്ടും നേര്യതും കാതില്‍ കുണുക്കുമിട്ട ഒരു തികഞ്ഞ സത്യക്രിസ്ത്യാനിയായ അമ്മച്ചിയുടെ വേഷത്തില്‍, ധനികനായ കമ്യൂണിസ്റ്റുകാരനായ ഭര്‍ത്താവിന്റെ ഉത്തമ ഭാര്യയായി മലയാളത്തിന്റെ അമ്മയായ കെ.പി.എ.സി ലളിത ഈ ചിത്രത്തില്‍ വേഷമിടുന്നു.

ഈപ്പച്ചനായി പത്മശ്രീ മധുവും, ഏലിയാമ്മച്ചിയായി കെപിഎസി ലളിതയും മുഖ്യവേഷമിട്ട് അഭിനയിയ്ക്കുന്ന ഈ ചിത്രത്തില്‍   മലയാളത്തിലെ പ്രിയപ്പെട്ട നിരവധി താരങ്ങളും അഭിനയിക്കുന്നുണ്ട്. കൂടാതെ തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ കന്യാസ്ത്രിയായും, ഏതാനും ജര്‍മന്‍ മലയാളികള്‍ ചെറിയ റോളിലും സിനിമയില്‍ എത്തുന്നുണ്ട്. ജര്‍മന്‍ മലയാളികളായ ജോളി തടത്തില്‍ ജോസ് കുമ്പിളുവേലില്‍, ലിബിന്‍ കാരുവള്ളില്‍, മേഴ്‌സി, നിക്കോള്‍ എന്നിവര്‍ക്കു പുറമെ ഇറ്റാലിന്‍ മലയാളി ബെസി കരിശിങ്കലും  തുടങ്ങിയവരും വേഷമിടുന്നു.

ചേര്‍ത്തല പള്ളിയോട് ഗ്രാമത്തിന്റെ ലൊക്കേഷനില്‍ ചിത്രത്തിന്റെ കഥാ പശ്ചാത്തലം  പുരോഗമിയ്ക്കുന്നതിനു പുറമെ ജര്‍മനി, ഇറ്റലി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലുമാണ് പുറംവാതില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

ഉത്തരചെമ്മീന്‍ എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷം ഹരിദാസ് ഹൈദ്രാബാദ് നിര്‍മ്മിയ്ക്കുന്ന ഏലിയാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്മസ് എന്ന ചിത്രത്തിന്റെ രചന, ഛായാഗ്രഹണം എഡിറ്റിംഗ്, സംവിധാനം എന്നിവ നിര്‍വഹിയ്ക്കുന്നത് ബെന്നി ആശംസയാണ്. ഗാനരചന ഡോ.വേണുഗോപാല്‍ ബാബു വളപ്പായ, സജീവ് കെ.ജോസഫ് എന്നിവരും, സംഗീതം ബിനു ആനന്ദും നിര്‍വഹിയ്ക്കുന്നു. ഗാനങ്ങള്‍ ആലപിച്ചത് ജി. വേണുഗോപാല്‍, വൃന്ദ, രാജാറാം തുടങ്ങിയവരാണ്. 

ജോസ് കുമ്പിളുവേലില്‍