റോം: റോമിലെ സാന്തോം സീറോ മലബാര്‍ ഇടവകയില്‍ എട്ടുനോമ്പും പരി.കന്യാമറിയത്തിന്റെ തിരുന്നാളും ആഘോഷിച്ചു. എട്ടുനോമ്പിന്റെ അരൂപിയില്‍ റോമിലെ മരിയ മജോരേ ബെസലിക്കയില്‍  സെപ്റ്റംബര്‍ 9 ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയ്ക്ക് കൊടിയേറിയതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. 

ettu nombu

ലദീഞ്ഞ്, നൊവേന എന്നിവയെ തുടര്‍ന്ന് നടന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍ ഹോസൂര്‍ രൂപതാധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ (സെന്റ് തോമസ് മൗണ്ട്), ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, സാഗര്‍ രൂപതാധ്യക്ഷന്‍, മാര്‍ ജെയിംസ് അത്തിക്കളം തൃശ്ശൂര്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. തലശ്ശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി വചനസന്ദേശം നല്‍കി. ദിവ്യബലിയ്ക്കു ശേഷം പ്രദക്ഷിണവും നടന്നു. കേരളത്തിലെ മഹാപ്രളയത്തില്‍ കഷ്ടപ്പെടുന്നവര്‍ക്കുവേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും നടത്തി. 

വികാരി ഫാ.ചെറിയാന്‍ വാരിക്കാട്ട്, ഫാ.ബിജു മുട്ടത്തുകുന്നേല്‍, ഫാ.ബിനോജ് മുളവരിയ്ക്കല്‍, ഫാ.സനല്‍ മാളിയേക്കല്‍ എന്നിവര്‍ക്കു പുറമെ ഇടവക കൈക്കാരന്മാരായ ജോമോന്‍ ഇരുമ്പന്‍, ജോണ്‍ കാട്ടാളന്‍, ജോസ് കുരിയന്താനം, ജോമോന്‍ പാരിക്കാപ്പിള്ളിയും, പള്ളി കമ്മറ്റിയും ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. റോമിലെ ഒട്ടനവധി മലയാളികള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയിരുന്നു.

ജോസ് കുമ്പിളുവേലില്‍