അയര്‍ലന്‍ഡ്: കഴിഞ്ഞ നവംബര്‍ മാസം പ്രൈമറി -സെക്കണ്ടറി തലങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി എസ്സെന്‍സ് അയര്‍ലന്‍ഡ് സംഘടിപ്പിച്ച ശാസ്ത്ര ശില്പശാലയായ ക്യൂരിയോസിറ്റി ' 20 ല്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു. അയര്‍ലന്‍ഡില്‍ കോവിഡ് പ്രോട്ടോകോള്‍ നിലവില്‍ ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമ്മാനര്‍ഹരായ കുട്ടികളുടെ വീടുകളില്‍ എത്തിച്ചു നല്‍കുകയായിരുന്നു. മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരെയും എസ്സന്‍സ് ഭാരവാഹികള്‍ അഭിനന്ദനങ്ങളറിയിച്ചു.

കുട്ടികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്തിയെടുക്കുന്നതിന് എസ്സന്‍സ് പ്രവര്‍ത്തനങ്ങള്‍ സഹായകരമാകുന്നുണ്ടെന്ന് മത്സരത്തില്‍ സമ്മാനങ്ങള്‍ നേടിയ വിദ്യാര്‍ഥികളും അവരുടെ മാതാപിതാക്കളും അഭിപ്രായപ്പെട്ടു.

curiosity 20

ബ്രിയന്ന സൂസന്‍ ബിനു, പ്രഹളാദ് പ്രദീപ്, ദേവ് ജയ്‌സണ്‍, ആരോണ്‍ റോയ്, എയ്ഞ്ചല്‍ റോയ്, നിവേദ് ബിനു, അമല്‍ ടോമി, മാധവ് സന്ദീപ് മ്പ്യാര്‍, കാര്‍ത്തിക് ശ്രീകാന്ത്, അലന്‍ ടോമി, സ്റ്റീവ് സന്തോഷ്, സിദ്ധാര്‍ത്ഥ് ബിജു, സേയ സെന്‍, അഞ്ചിക നായക്, ജോയല്‍ സൈജു എന്നിവര്‍ വിവിധയിനത്തില്‍ വിജയികളായി സമ്മാനര്‍ഹരായി.

ക്യൂരിയോസിറ്റി '21 ഹാലോവീന്‍ അവധിക്കു ശേഷം നവംബര്‍ മാസം നടക്കും. എല്ലാ വര്‍ഷവും വിവിധ സയന്‍സ് വിഷയങ്ങളില്‍ പ്രൊജക്ടുകള്‍, പോസ്റ്റര്‍ ഡിസൈനിങ്, സെമിനാര്‍, സയന്‍സ് ക്വിസ് എന്നിവയാണ് ക്യൂരിയോസിറ്റിയില്‍ ഉള്‍പ്പെടുത്താറുള്ളത്. ഹാലോവീനില്‍ ലഭിക്കുന്ന അവധി ദിനങ്ങളില്‍ കുട്ടികള്‍ക്ക് ഇവ തയ്യാറാക്കാനുള്ള സമയം ലഭിക്കും. വിദ്യാര്‍ത്ഥികളില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും വലിയ തോതിലുള്ള പ്രതികരണവും പങ്കാളിത്തവും ഈ പരിപാടിക്ക് എല്ലാ വര്‍ഷവും ലഭിച്ചു വരുന്നു. ഈ വര്‍ഷത്തെ ക്യൂരിയോസിറ്റിയെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പ്രസിദ്ധപ്പെടുത്തുന്നതാണെന്നു എസ്സെന്‍സ് ഭാരവാഹികള്‍ അറിയിച്ചു.